ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്ണമെന്റില് പാകിസ്താനെതിരായ എല് ക്ലാസികോ പോരാട്ടത്തില് ഇന്ത്യയ്ക്ക് വിജയം. ഏഴ് വിക്കറ്റുകളുടെ അനായാസ വിജയമാണ് സൂര്യകുമാര് യാദവും സംഘവും സ്വന്തമാക്കിയത്. പാകിസ്താനെ 127 റണ്സിലൊതുക്കിയ ഇന്ത്യ മറുപടി ബാറ്റിങ്ങില് മൂന്ന് വിക്കറ്റ് നഷ്ടത്തില് 15.5 ഓവറില് വിജയത്തിലെത്തി.
മറുപടി ബാറ്റിങ്ങില് ക്യാപ്റ്റന് സൂര്യകുമാര് യാദവാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. 47 റണ്സെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റന് സുര്യകുമാര് യാദവും 31 വീതം റണ്സെടുത്ത അഭിഷേക് ശര്മയും തിലക് വര്മയുമാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. ടൂർണമെന്റില് ഇന്ത്യയുടെ രണ്ടാം വിജയമാണിത്.
ടോസ് നേടിയ ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് നിശ്ചിത 20 ഓവറില് ഒന്പത് വിക്കറ്റ് നഷ്ടത്തില് 127 റണ്സെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി കുല്ദീപ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള് ജസ്പ്രീത് ബുംറയും അക്സര് പട്ടേലും രണ്ട് വിക്കറ്റുകള് വീതം വീഴ്ത്തി.
128 റണ്സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് വേണ്ടി ഓപണര് അഭിഷേക് വെടിക്കെട്ട് തുടക്കമാണ് സമ്മാനിച്ചത്. 13 പന്തില് രണ്ട് സിക്സും നാല് ഫോറും ഉള്പ്പെടെ 31 റണ്സെടുത്താണ് അഭിഷേക് മടങ്ങിയത്. ഏഴ് പന്തില് 10 റണ്സെടുത്ത് ശുഭ്മന് ഗില്ലും മടങ്ങി. സയിം അയ്യൂബാണ് ഇരുവരെയും മടക്കിയത്.
തുടര്ന്ന് ക്രീസില് നിലയുറപ്പിച്ച തിലക് വര്മയെ കൂട്ടുപിടിച്ച് ക്യാപ്റ്റന് സൂര്യകുമാര് യാദവ് ചേര്ന്ന് ടീമിനെ വിജയത്തോടടുപ്പിക്കുകയായിരുന്നു. ടീം സ്കോര് 97 റണ്സില് നില്ക്കെയാണ് തിലക് മടങ്ങുന്നത്. 31 റണ്സെടുത്ത തിലകിനെയും സയിം അയൂബ് തന്നെയാണ് വീഴ്ത്തിയത്. 37 പന്തില് 47 റണ്സെടുത്ത സൂര്യകുമാറും ഏഴു പന്തില് 10 റണ്സെടുത്ത ശിവം ദുബെയും പുറത്താകാതെ നിന്നു.
Content Highlights: Asia Cup 2025: India beat Pakistan by 7 wickets in Dubai