ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിലെ ഇന്ത്യ- പാകിസ്താന് എല് ക്ലാസിക്കോ പോരിന് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം തയ്യാറായിക്കഴിഞ്ഞു. ഗ്രൂപ്പ് എയിൽ ഞായറാഴ്ച നടക്കുന്ന ഈ ബ്ലോക്ക്ബസ്റ്റർ മത്സരം രണ്ടു ടീമുകള്ക്കും അഭിമാനത്തിന്റെ പോരാട്ടം കൂടിയാണ്. സമീപകാല രാഷ്ട്രീയ പ്രശ്നങ്ങള് ഈ മത്സരത്തിന്റെ വീറും വാശിയും കൂട്ടുകയും ചെയ്തിട്ടുണ്ട്.
ഏപ്രിലിൽ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ ഏറ്റുമുട്ടലാണിത്. പഹൽഗാം ഭീകരാക്രമണത്തിന്റെ സാഹചര്യത്തിൽ പാകിസ്താനെതിരായ ഏഷ്യാ കപ്പ് മത്സരം ഇന്ത്യൻ ടീം ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധമാണ് നടന്നിരുന്നത്. അതുകൊണ്ട് തന്നെ ചുറ്റുമുള്ള നാടകീയതയും ഫീൽഡിന് പുറത്തുള്ള സംഘർഷങ്ങളും കണക്കിലെടുത്ത്, ദുബായ് പൊലീസും ഇവന്റ്സ് സെക്യൂരിറ്റി കമ്മിറ്റിയും (ഇഎസ്സി) ശക്തമായ സുരക്ഷാ നടപടികളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നിർണായക മത്സരത്തിന് മേൽനോട്ടം വഹിക്കാൻ പ്രത്യേക യൂണിറ്റുകളെ നിയോഗിച്ചിട്ടുണ്ടെന്ന് ദുബായ് പൊലീസിലെ ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫും ഇഎസ്സിയുടെ തലവനുമായ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്രൂയി പ്രഖ്യാപിച്ചു. പൊതുജന സുരക്ഷയ്ക്ക് നേരെയുള്ള ഭീഷണികൾക്കെതിരെ വേഗത്തിലുള്ള നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കർശനമായ നിയമങ്ങൾ ലംഘിച്ചാൽ കാണികൾക്ക് ഏഴ് ലക്ഷം രൂപ വരെ പിഴയോ നാടുകടത്തലോ തടവോ വരെ ലഭിക്കാം. അനധികൃതമായി മൈതാനത്തേക്ക് പ്രവേശിക്കുകയോ നിരോധിത വസ്തുക്കൾ (പടക്കം, കത്തുന്ന വസ്തുക്കൾ, ലേസറുകൾ, കുടകൾ, വലിയ ക്യാമറകൾ, സെൽഫി സ്റ്റിക്കുകൾ, മൂർച്ചയുള്ള വസ്തുക്കൾ, വിഷവസ്തുക്കൾ, പതാകകൾ, ബാനറുകൾ, വളർത്തുമൃഗങ്ങൾ, റിമോട്ട് കൺട്രോൾ ഉപകരണങ്ങൾ, സൈക്കിളുകൾ, സ്കൂട്ടറുകൾ, സ്കേറ്റ്ബോർഡുകൾ, ഗ്ലാസ് വസ്തുക്കൾ എന്നിവ) കൈവശം വയ്ക്കുകയോ ചെയ്താൽ ഒന്ന് മുതൽ മൂന്ന് മാസം വരെ തടവും 5,000 ദിർഹം മുതൽ 30,000 ദിർഹം വരെ (ഏകദേശം 1.2 ലക്ഷം മുതൽ 7.2 ലക്ഷം രൂപ വരെ) പിഴയും ലഭിക്കും. കൂടാതെ, അക്രമ പ്രവർത്തനങ്ങൾ, വസ്തുക്കൾ എറിയൽ, വംശീയമോ അധിക്ഷേപകരമോ ആയ ഭാഷ ഉപയോഗിക്കൽ എന്നിവയ്ക്ക് 30,000 ദിർഹം വരെ പിഴയും ജയിൽ ശിക്ഷയും ലഭിക്കാം.
Content Highlights: Asia Cup 2025, IND vs PAK: Strict security protocols enforced in Dubai