'പാകിസ്താനെ തൂക്കാന്‍ ഇന്ത്യയുടെ ബി ടീം തന്നെ ധാരാളം'; മത്സരത്തിന്റെ ആവേശം കൂട്ടി മുന്‍താരം

രോഹിത് ശര്‍മയുടെയും വിരാട് കോഹ്‌ലിയുടെയും അഭാവം ഇന്ത്യന്‍ ടീമിന് അനുഭവപ്പെട്ടിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ മത്സരത്തിന് ഞായറാഴ്ച കളമൊരുങ്ങുകയാണ്. ക്രിക്കറ്റിലെ ചിരവൈരികള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഇത്തവണയും വീറും വാശിയും ഒട്ടും കുറയില്ലെന്ന് ഉറപ്പാണ്. കളിക്കളത്തിലെത്തുന്നതിനും എത്രയോ മുന്‍പ് തന്നെ ഇന്ത്യ-പാക് മത്സരത്തെ കുറിച്ചുള്ള വാക്‌പോരാട്ടവും ആരംഭിച്ചിരുന്നു. ഇപ്പോഴിതാ സൂപ്പര്‍ പോരാട്ടത്തെ കുറിച്ച് ഇന്ത്യയുടെ മുന്‍താരം അതുല്‍ വാസന്‍ പറഞ്ഞ വാക്കുകളാണ് ആവേശം കൂട്ടുന്നത്.

ഇന്ത്യയുടെ ബി ടീമിന് പോലും ഇപ്പോഴത്തെ പാകിസ്താന്‍ ടീമിനെ തോല്‍പ്പിക്കാന്‍ സാധിക്കുമെന്നാണ് അതുല്‍ വാസന്‍ പറയുന്നത്. കഴിവിന്റെ കാര്യത്തില്‍ ഇരുടീമുകളും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് പറഞ്ഞ അതുല്‍ വാസന്‍, രോഹിത് ശര്‍മയുടെയും വിരാട് കോഹ്‌ലിയുടെയും അഭാവം ഇന്ത്യന്‍ ടീമിന് അനുഭവപ്പെട്ടിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.

'കാര്യങ്ങള്‍ മാറിയതിനാല്‍ ഇന്ത്യയുടെ ബി ടീം ഈ പാകിസ്താന്‍ ടീമിനെയും തോല്‍പ്പിക്കും. 90കളില്‍ ഞങ്ങള്‍ കളിക്കുന്ന കാലഘട്ടങ്ങളില്‍ പാകിസ്താന്‍ വളരെ മികച്ച ടീമായിരുന്നു. എന്നാലിപ്പോള്‍ കാര്യങ്ങള്‍ മാറി', അതുല്‍ വാസന്‍ പറഞ്ഞു.

രോഹിത് ശര്‍മയുടെയും വിരാട് കോഹ്‌ലിയുടെയും അഭാവം എനിക്ക് അനുഭവപ്പെടുന്നില്ല. കാര്യങ്ങളെല്ലാം മാറിമറിയും. പുതിയ സൂപ്പര്‍ സ്റ്റാറുകള്‍ വരുകയും ചെയ്യും. അതുപോലെ തന്നെ ടീമില്‍ നിന്ന് ആരെ ഒഴിവാക്കണം, ആരെ തിരഞ്ഞെടുക്കണം എന്നതിന്റെ പേരില്‍ എല്ലാവരെയും കൂട്ടിക്കലര്‍ത്താന്‍ സെലക്ടര്‍മാരോട് എനിക്ക് സഹതാപം തോന്നുന്നു', അതുല്‍ വാസന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: ‘Our B team will also beat Pakistan’: says ex-Indian bowler

To advertise here,contact us