'ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍ പാകിസ്താനൊപ്പമുണ്ട്'; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പാക് കോച്ച്‌

'ഇന്ത്യ ഇപ്പോള്‍ വലിയ ആത്മവിശ്വാസത്തിലാണുള്ളതെന്ന് ഞങ്ങള്‍ക്കറിയാം'

ഏഷ്യാ കപ്പ് മത്സരത്തിന് മുന്നോടിയായി ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പാകിസ്താന്‍ ഹെഡ് കോച്ച് മൈക്ക് ഹെസണ്‍. ഇന്ത്യ ഉയര്‍ത്തുന്ന വെല്ലുവിളി പാകിസ്താന്‍ ഏറ്റെടുത്തുകഴിഞ്ഞെന്നാണ് ഹെസണ്‍ പറയുന്നത്. പാകിസ്താനെ ചെറുതായി കാണരുതെന്നും ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്പിന്നര്‍ തങ്ങള്‍ക്കൊപ്പമാണെന്നും ഹെസണ്‍ അവകാശപ്പെട്ടു.

'ഇന്ത്യ ഇപ്പോള്‍ വലിയ ആത്മവിശ്വാസത്തിലാണുള്ളതെന്ന് ഞങ്ങള്‍ക്കറിയാം. സമീപകാലത്തുള്ള അവരുടെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ആ വിശ്വാസം ന്യായവുമാണ്. ഒരു ടീമെന്ന നിലയില്‍ അനുദിനം മെച്ചപ്പെടുന്നതിലാണ് ഞങ്ങള്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുന്നിലുള്ള കടമയുടെ വ്യാപ്തിയെ കുറിച്ച് ഞങ്ങള്‍ക്ക് നന്നായി അറിയാം. ഞാന്‍ അതിനായി കാത്തിരിക്കുകയാണ്', ഒമാനെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഹെസണ്‍ പറഞ്ഞത്.

'ഞങ്ങളുടെ ടീമിന്റെ സൗന്ദര്യം തന്നെ അഞ്ച് സ്പിന്നര്‍മാരുണ്ടെന്നതാണ്. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച സ്പിന്‍ ബൗളറായ മുഹമ്മദ് നവാസ് പാകിസ്താനൊപ്പമുണ്ട്. ടീമില്‍ തിരിച്ചെത്തിയതിന് ശേഷം കഴിഞ്ഞ ആറ് മാസമായി അദ്ദേഹം മികച്ച റാങ്കിങ്ങിലാണ്. അബ്രാറും സൂഫിയാനും ടീമിലുണ്ട്. സെയിം അയൂബ് ലോകത്തിലെ പത്ത് ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ്. നവാസിനൊപ്പം ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയും ചേരുമ്പോള്‍ പാകിസ്താന്‍ ശക്തമായിരിക്കും', ഹെസണ്‍ കൂട്ടിച്ചേര്‍ത്തു.

The in-form Mohammad Nawaz earns massive praise from Pakistan coach Mike Hesson 🙌More ➡️ https://t.co/3gnlneqM0d pic.twitter.com/wg2mnMe1HS

ഏഷ്യാ കപ്പില്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യ- പാകിസ്താന്‍ പോരാട്ടം. സെപ്റ്റംബര്‍ 14ന് ആണ് ഗ്രൂപ്പ് എയില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരം നടക്കുക.

Content Highlights: 'Pakistan has best spinner in the world’: Coach Mike Hesson fires warning shots at India ahead of Asia Cup clash

To advertise here,contact us