വിശ്വവേദികൾ, മറ്റു സുപ്രധാന ടൂർണമെന്റുകൾ ഇവയിലൊക്കെ പാകിസ്താനും ഇന്ത്യയും ഏറ്റുമുട്ടുമ്പോൾ കളത്തിന് പുറത്ത് ചർച്ചകൾ കൊഴുക്കാറുണ്ട്. ഇന്ത്യ-പാക് രാഷ്ട്രീയ കാലുഷ്യങ്ങൾ ഏറെക്കാലമായി കളിക്കളത്തിലേയും ചർച്ചാ വിഷയമാണ്. ഇക്കുറി ചര്ച്ചകള് അതൊരൽപ്പം കനത്തിലാണ്.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ആദ്യമായാണ് ഇന്ത്യയും പാകിസ്താനും മൈതാനത്ത് നേർക്കുനേർ വരുന്നത്. ഇന്ത്യ പാകിസ്താനുമായുള്ള മത്സരം ബഹിഷ്കരിക്കണം എന്ന ആവശ്യം ഇപ്പോഴും രാജ്യത്ത് ശക്തമായുണ്ട്.
കഴിഞ്ഞ ദിവസം ഐ.പി.എൽ ഫ്രാഞ്ചസിയായ പഞ്ചാബ് കിങ്സ് മത്സരത്തിന്റെ കാർഡ് പുറത്ത് വിട്ടത് പാകിസ്താന്റെ ലോഗോ ഒഴിവാക്കിയാണ്. 'നിലവിലെ ചാമ്പ്യന്മാർ രണ്ടാം പോരിനിറങ്ങുന്നു' എന്ന തലവാചകത്തോടെ പങ്കുവച്ച ചിത്രത്തിൽ എതിര് ടീമിന്റെ കോളം ഒഴിച്ചിട്ടിരിക്കുകയാണ്.
Game 2️⃣ for the defending champions. Let's goooo 💪#AsiaCup2025 #INDv pic.twitter.com/BgeoRfJjMo
അതേ സമയം ഏഷ്യാ കപ്പ് ടി-20 ടൂർണമെന്റിലെ ഇന്ത്യ പാകിസ്ഥാൻ മത്സരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്പ്പിച്ച പൊതുതാത്പര്യ ഹർജി സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതൊരു മത്സരമാണെന്നാണ് സുപ്രീം കോടതി പറഞ്ഞത്. ജസ്റ്റിസ് ജെകെ മഹേശ്വരി, വിജയ് ബിഷ്ണോയ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി തള്ളിയത്. അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച കോടതി മത്സരം നടക്കട്ടേയെന്നും കൂട്ടിച്ചേര്ത്തു.
'എന്താണ് ഇത്ര തിരക്ക്. ഈ ഞായറാഴ്ച്ചയാണ് മത്സരം. അതിനിടക്ക് എന്ത് ചെയ്യാനാണ്?, കോടതി ചോദിച്ചു. നാല് നിയമവിദ്യാർഥികളാണ് പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തത്. ഇന്ത്യ-പാകിസ്ഥാൻ ടി20 ക്രിക്കറ്റ് മത്സരം റദ്ദാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.. സെപ്റ്റംബർ 14നാണ് ഇന്ത്യ-പാക് പോരാട്ടം.