ഏഷ്യാ കപ്പിനുള്ള ഇന്ത്യന് ക്രിക്കറ്റ് ടീമില് സൂപ്പര് താരം ശുഭ്മന് ഗില് തിരഞ്ഞെടുക്കപ്പെട്ടതിനെ കുറിച്ച് ഇന്ത്യയുടെ മുന് താരം അജയ് ജഡേജ. മലയാളി താരം സഞ്ജു സാംസണ്, യുവ ഓപ്പണര് യശസ്വി ജയ്സ്വാള്, ശ്രേയസ് അയ്യര് തുടങ്ങി പ്രതിഭാധനരായ കളിക്കാരെ മറികടന്ന് ഗില് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതാണ് ജഡേജ പരാമര്ശിച്ചത്. ഗില്ലിന് ഇന്ത്യന് ക്രിക്കറ്റില് ലഭിക്കുന്ന പ്രിവിലേജിനുള്ള കാരണവും അജയ് ജഡേജ പറഞ്ഞു.
'ഇന്ത്യന് ക്രിക്കറ്റിന്റെ തിരഞ്ഞെടുക്കപ്പെട്ട താരമാണ് ശുഭ്മന് ഗില്. അദ്ദേഹത്തില് എല്ലാവര്ക്കും വലിയ പ്രതീക്ഷകളുണ്ട്. അദ്ദേഹത്തിന് ഒരു പ്രത്യേക കഴിവുണ്ട്. യശസ്വി ജയ്സ്വാളിനും, പലരും കരുതിയതുപോലെ, സഞ്ജു സാംസണിനും മുന്പായി അദ്ദേഹത്തെ തിരഞ്ഞെടുത്തിട്ടുണ്ട്. എങ്കില് ഗില് എത്രത്തോളം പ്രിവിലേജ്ഡ് ആണെന്ന് നിങ്ങള്ക്ക് ഊഹിക്കാവുന്നതേയുള്ളൂ', സോണി സ്പോർട്സ് നെറ്റ്വർക്കില് സംസാരിക്കവേ അജയ് ജഡേജ പറഞ്ഞു.
ഇന്ത്യന് ക്രിക്കറ്റ് ടീമില് സ്ഥാനം നിലനിര്ത്തുന്നതിനെക്കുറിച്ചല്ല, മറിച്ച് അദ്ദേഹത്തിന് ലഭിച്ച പ്രിവിലേജ് കാത്തുസൂക്ഷിക്കുകയെന്ന സമ്മര്ദ്ദമായിരിക്കും ഗില്ലിന് ഉണ്ടാവുകയെന്നും ജഡേജ ചൂണ്ടിക്കാട്ടി. ഏഷ്യാ കപ്പില് യുഎഇക്കെതിരായ ആദ്യപോരാട്ടത്തില് അഭിഷേക് ശര്മയ്ക്കൊപ്പം ഇന്ത്യയുടെ ഇന്നിങ്സ് ഓപ്പണ് ചെയ്തത് ഗില്ലായിരുന്നു. ഒന്പത് പന്തില് ഒരു സിക്സും രണ്ട് ബൗണ്ടറിയും സഹിതം 20 റണ്സ് നേടിയാണ് ഗില് പുറത്താവാതെ നിന്നത്.
Content Highlights: Ajay Jadeja explains why Shubman Gill is getting privileges