ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ മത്സരം മുതൽ കേൾക്കുന്ന ചോദ്യങ്ങളാണ് കുൽദീപ് യാദവ് എവിടെ? അദ്ദേഹത്തെ എന്താണ് കളിപ്പിക്കാത്തതെന്ന്. ഇംഗ്ലണ്ടിൽ നടന്ന അഞ്ച് ടെസ്റ്റിലും കുൽദീപിന് കളിക്കാനുള്ള അവസരം ലഭിച്ചില്ല. ചൈനമാൻ അറ്റാക്കിങ് സ്പിന്നറായിട്ടും കളിപ്പിക്കാത്തതിൽ ഇന്ത്യക്കെതിരെയും കോച്ച് ഗൗതം ഗംഭീറിനെതിരെയും വിമർശനങ്ങൾ ഉയർന്നിരുന്നു.
എന്നാൽ ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ തന്നെ കുൽദീപിന് അവസരം ലഭിച്ചു. യുഎഇയെ അനായാസം പരാജയപ്പെടുത്തിയ ഇന്ത്യക്ക് വേണ്ടി കളം നിറഞ്ഞത് കുൽദീപാണ്. 2.1 ഒരു ഓവറിൽ നാല് വിക്കറ്റുമായി കളിയിലെ താരമായാണ് ഈ ചൈനമാൻ കളം വിട്ടത്.
കളിയിലെ താരമായതോട് കൂടി ഏഴ് വർഷത്തെ നീണ്ട ഒരു കാത്തിരിപ്പിന് കൂടി കുൽദീപ് അന്ത്യം കുറിച്ചു. ഏഴ് വർഷത്തിന് ശേഷമാണ് അദ്ദേഹം അന്താരാഷ്ട്ര ടി-20യിൽ ഒരു കളിയിൽ പ്ലെയർ ഓഫ് ദി മാച്ചാകുന്നത്. 2018ൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് അദ്ദേഹം അവസാനമായി ഈ നേട്ടം സ്വന്തമാക്കിയത്. ഏഷ്യാ കപ്പ് ടി-20യിലെ ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടാമത്തെ സ്പെല്ലും കുൽദീപ് സ്വന്തം പേരിൽ കുറിച്ചു. 3 ഓവറിൽ നാല് റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ ഭുവനേശ്വർ കുമാറാണ് കുൽദീപിന് മുന്നിൽ.
അതേസമയം 2025 ഏഷ്യാ കപ്പിൽ വിജയത്തോടെ തുടങ്ങിയിരിക്കുകയാണ് ടീം ഇന്ത്യ. ആതിഥേയരായ യുഎഇയെ ഒൻപത് വിക്കറ്റിനാണ് ഇന്ത്യ തകർത്തത്. ആദ്യം ബാറ്റുചെയ്ത യുഎഇയെ 57 റൺസിന് എറിഞ്ഞിട്ട ഇന്ത്യ 4.3 ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി.
Content Highlights- Kuldeep Yadav becomes POTM after 7 years in T20I