ഏഷ്യാ കപ്പില് യുഎഇക്കെതിരായ മത്സരത്തില് ഗംഭീര വിജയം സ്വന്തമാക്കിയെങ്കിലും ഇന്ത്യന് പ്ലേയിങ് ഇലവനെതിരെ രൂക്ഷ വിമര്ശനവുമായി മുന് ഇന്ത്യന് ക്യാപ്റ്റനും സെലക്ടറുമായ ക്രിസ് ശ്രീകാന്ത്. മലയാളി താരവും വിക്കറ്റ് കീപ്പര് ബാറ്ററുമായ സഞ്ജു സാംസണെ മധ്യനിരയിലേക്ക് കൊണ്ടുവന്നതിലാണ് ശ്രീകാന്ത് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചത്. സഞ്ജുവിനെ അഞ്ചാം നമ്പറില് കളിപ്പിക്കാന് ശ്രമിക്കുന്നത് ശ്രേയസ് അയ്യരെ തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായുള്ള നീക്കമാണെന്നും ശ്രീകാന്ത് ആരോപിച്ചു.
'സഞ്ജു സാംസണിനെ യുഎഇക്കെതിരെ മധ്യനിര ബാറ്ററായി ഇലവനില് ഉള്പ്പെടുത്തിയത് എന്തിനാണെന്ന് എനിക്ക് മനസിലായിട്ടില്ല. അഞ്ചാം നമ്പറില് സഞ്ജുവിനെ ഇറക്കാന് ശ്രമിക്കുന്നതിലൂടെ ശ്രേയസ് അയ്യരിന് ടീമിലേക്ക് തിരിച്ചുവരാനുള്ള വഴിയാണ് അവര് ഒരുക്കുന്നതെന്ന് എനിക്ക് തോന്നുന്നു. അഞ്ചാം നമ്പറില് സഞ്ജു അധികം ബാറ്റ് ചെയ്തിട്ടില്ല, ആ പൊസിഷനില് അദ്ദേഹം ബാറ്റുചെയ്യാനും പാടില്ല. അഞ്ചാമതായി ബാറ്റ് ചെയ്യുന്നത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം കെടുത്തും. അദ്ദേഹത്തിന്റെ കാര്യത്തില് ഞാന് സന്തുഷ്ടനല്ല', ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലില് പറഞ്ഞു.
'ഇത് അവസാന അവസരമാണെന്ന് സഞ്ജുവിനോട് ഞാന് മുന്നറിയിപ്പ് നല്കുകയാണ്. ഒരു കാര്യം കൂടി ഞാന് അദ്ദേഹത്തോട് പറയുകയാണ്, അടുത്ത മൂന്ന് ഇന്നിങ്സുകളില് ഈ പൊസിഷനില് ഇറങ്ങി സ്കോര് ചെയ്യാന് സാധിച്ചില്ലെങ്കില് തീര്ച്ചയായും സഞ്ജുവിന് പകരം ശ്രേയസ് അയ്യരെ ഇന്ത്യ കൊണ്ടുവരും', ശ്രീകാന്ത് ചൂണ്ടിക്കാട്ടി.
'അവര് സഞ്ജുവിനെ മധ്യനിരയിലാണ് കളിപ്പിക്കുന്നത്. സഞ്ജുവിനെ എന്തായാലും അവര് ഫിനിഷറായി ഉപയോഗിക്കില്ല. ആ റോളില് തീര്ച്ചയായും ഹാര്ദിക് പാണ്ഡ്യയോ ശിവം ദുബെയോ ആയിരിക്കും. അതുകൊണ്ട് സഞ്ജു എന്തായാലും സഞ്ജുവിനെ അഞ്ചാം നമ്പറില് ഇറക്കാനായിരിക്കും തീരുമാനം. ആ പൊസിഷനില് അദ്ദേഹം സ്കോര് ചെയ്യുമോ? അതൊരു ചോദ്യം തന്നെയാണ്. ഏഷ്യാ കപ്പില് ജിതേഷ് ശര്മയ്ക്ക് മുകളിലായി സഞ്ജുവിനെ കളിപ്പിക്കുന്നതില് തെറ്റില്ല. എന്നാല് ഏഷ്യാ കപ്പില് ചെയ്തതതുതന്നെ ടി20 ലോകകപ്പില് ചെയ്യാന് സാധിക്കുമോ?', ശ്രീകാന്ത് കൂട്ടിച്ചേര്ത്തു.
ശുഭ്മന് ഗില് ടീമിലേക്ക് മടങ്ങിയെത്തിയതിനാല് സഞ്ജുവിന് ഇലവനിൽ ഇനി അവസരമില്ലെന്ന് എല്ലാവരും ഉറപ്പിച്ചിരുന്നു. മധ്യനിരയില് മികച്ച റെക്കോര്ഡ് ഇല്ലെന്നതിനാല് ജിതേഷ് ശര്മയാവും ഫേവറിറ്റെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. എന്നാൽ എല്ലാ പ്രവചനങ്ങളെയും കാറ്റിൽ പറത്തിയാണ് യുഎഇക്കെതിരായ പ്ലേയിങ് ഇലവനിൽ സഞ്ജുവിന് ഇടം ലഭിച്ചത്.
അഞ്ചാം നമ്പറിലായിരുന്നു സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നത്. താരത്തിന് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചില്ലെങ്കിലും വിക്കറ്റിന് പിന്നിൽ താരം തകർപ്പൻ പ്രകടനങ്ങൾ നടത്തി. ശിവം ദുബെയുടെ പന്തിൽ ഒരു ഡൈവിങ് ക്യാച്ചെടുത്ത സഞ്ജു നേരിട്ടുള്ള ത്രോയിലൂടെ ഒരു റണ്ണൗട്ടും നേടിയെടുത്തു. ഈ റണ്ണൗട്ട് അപ്പീൽ ഇന്ത്യ പിൻവലിച്ചെങ്കിലും സഞ്ജുവിൻ്റെ ഫീൽഡിംഗ് മികവ് തെളിയിച്ച അവസരമായിരുന്നു ഇത്.
Content Highlights: Kris Srikkanth warns Sanju Samson after IND vs UAE Asia Cup 2025 match