ചരിത്രനീക്കത്തിന് ഐസിസി; വനിതാ ലോകകപ്പില്‍ മത്സരം പൂര്‍ണമായും നിയന്ത്രിക്കുക വനിതകള്‍

സെപ്റ്റംബര്‍ 30ന് തുടക്കമാവുന്ന വനിതാ ഏകദിന ലോകകപ്പിന് ഇന്ത്യയും ശ്രീലങ്കയുമാണ് ആതിഥേയത്വം വഹിക്കുന്നത്

വനിതാ ലോകകപ്പില്‍ ചരിത്രപരമായ തീരുമാനത്തിനൊരുങ്ങി ഐസിസി. ഈ മാസം അവസാനം ആരംഭിക്കാനിരിക്കുന്ന വനിതാ ഏകദിന ലോകകപ്പില്‍ മത്സരങ്ങള്‍ പൂര്‍ണമായും നിയന്ത്രിക്കുന്നത് വനിതാ മാച്ച് ഒഫീഷ്യല്‍സായിരിക്കും. വനിതാ ഏകദിന ലോകകപ്പുകളുടെ ചരിത്രത്തിലാദ്യമായാണ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള മുഴുവന്‍ ചുമതലയും വനിതകള്‍ക്ക് നല്‍കാനുള്ള തീരുമാനം ഐസിസി എടുക്കുന്നത്.

ട്രൂഡി ആന്‍ഡേഴ്സണ്‍, ഷാന്‍ഡര്‍ ഫ്രിട്‌സ്, ജിഎസ് ലക്ഷ്മി, മിഷേല്‍ പെരേര എന്നിവരാണ് ടൂര്‍ണമെന്റ് പാനലിലെ മാച്ച് റഫറിമാര്‍. 14 അംഗ അംപയറിങ് പാനലാണ് മത്സരങ്ങള്‍ നിയന്ത്രിക്കുക. ക്ലയര്‍ പോളോസക്, ജാക്വിലിന്‍ വില്ല്യംസ്, സു റെഡ്ഫെന്‍ എന്നിവര്‍ മൂന്നാം ലോകകപ്പിനാണ് അംപയര്‍മാരാകുന്നത്. സൗത്ത് ആഫ്രിക്കയുടെ ലോറ അഗെന്‍ബഗ്, ന്യൂസിലാന്‍ഡിന്റെ കിം കോട്ടന്‍ എന്നിവര്‍ രണ്ടാം തവണയാണ് ലോകകപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കാനൊരുങ്ങുന്നത്.

A world-class panel of 14 umpires and four match referees to officiate at #CWC25 starting September 30.Details 👇https://t.co/hEsnDSc4I8

നേരത്തെ 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസ്, അവസാനം നടന്ന രണ്ട് ടി20 വനിതാ ലോകകപ്പ് പോരാട്ടങ്ങളിലും വനിതാ അംപയര്‍മാരായിരുന്നു മത്സരങ്ങള്‍ നിയന്ത്രിച്ചത്. വനിതകളുടെ പ്രാതിനിധ്യം പൂര്‍ണമായി നടപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് തീരുമാനം പ്രഖ്യാപിച്ച് ഐസിസി ചെയര്‍മാന്‍ ജയ് ഷാ വ്യക്തമാക്കി.

സെപ്റ്റംബര്‍ 30ന് തുടക്കമാവുന്ന വനിതാ ഏകദിന ലോകകപ്പിന് ഇന്ത്യയും ശ്രീലങ്കയുമാണ് ആതിഥേയത്വം വഹിക്കുന്നത്. പാകിസ്താന്റെ മത്സരങ്ങളാണ് ശ്രീലങ്കയില്‍ നടക്കുക. ഓസ്ട്രേലിയയാണ് നിലവിലെ ലോക ചാംപ്യന്‍മാര്‍. രണ്ട് തവണ ഫൈനലിലെത്തിയിട്ടും ഇന്ത്യയ്ക്ക് ഇതുവരെ കിരീടം നേടാന്‍ സാധിച്ചിട്ടില്ല.

Content Highlights: ICC announces historic all-female umpires panel for Women's World Cup

To advertise here,contact us