അഞ്ചോവറില്‍ എല്ലാം തീർത്തു! യുഎഇയെ തകർത്ത് ഇന്ത്യ, ഏഷ്യാ കപ്പില്‍ വിജയത്തുടക്കം

ആദ്യം ബാറ്റുചെയ്ത യുഎഇയെ ഇന്ത്യ 57 റണ്‍സിന് എറിഞ്ഞിട്ടിരുന്നു

ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. യുഎഇക്കെതിരായ ആദ്യ മത്സരത്തില്‍ ഒന്‍പത് വിക്കറ്റിന്‍റെ അനായാസവിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റുചെയ്ത യുഎഇയെ 57 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ 4.3 ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ യുഎഇയെ 13.1 ഓവറില്‍ 57 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടാക്കിയിരുന്നു. യുഎഇയുടെ മലയാളി താരം അലിഷാന്‍ ഷറഫുവിന്റെ ബാറ്റിങ്ങാണ് യുഎഇക്ക് കരുത്തായത്. 17 പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്സും സഹിതം 22 റണ്‍സാണ് കണ്ണൂര്‍ സ്വദേശി അടിച്ചെടുത്തത്. പവര്‍പ്ലേയില്‍ കത്തിക്കയറിയ ഷറഫുവിനെ ജസ്പ്രീത് ബുംറ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തി കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ശിവം ദുബെയും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി.

A dominating show with the bat! 💪A 9⃣-wicket win for #TeamIndia after chasing down the target in 4.3 overs. 👏👏Scorecard ▶️ https://t.co/Bmq1j2LGnG#AsiaCup2025 | #INDvUAE pic.twitter.com/ruZJ4mvOIV

കുഞ്ഞന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ടീം ഇന്ത്യയ്ക്ക് കാര്യങ്ങളെല്ലാം എളുപ്പമായിരുന്നു. ഓപ്പണര്‍മാരായ അഭിഷേക് - ഗില്‍ സഖ്യത്തിന്റെ സിക്‌സര്‍ പൂരം ഇന്ത്യയെ അനായാസം വിജയത്തിലെത്തിച്ചു. 16 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ബൗണ്ടറിയും സഹിതം 30 റണ്‍സെടുത്ത അഭിഷേക് ശര്‍മയെ മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. താരത്തെ ജുനൈദ് സിദ്ദിഖ് ഹൈദര്‍ അലിയുടെ കൈകളിലെത്തിക്കുമ്പോള്‍ ഇന്ത്യ 48 റണ്‍സിലെത്തിയിരുന്നു.

വണ്‍ഡൗണായി എത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ കൂട്ടുപിടിച്ച് വൈസ് ക്യാപ്റ്റന്‍ കൂടിയായ ഗില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചു. ഒന്‍പത് പന്തില്‍ ഒരു സിക്‌സും രണ്ട് ബൗണ്ടറിയും സഹിതം 20 റണ്‍സെടുത്ത ഗില്ലും രണ്ട് പന്തില്‍ ഒരു സിക്‌സടിച്ച് ഏഴ് വിക്കറ്റെടുത്ത സൂര്യകുമാറും പുറത്താകാതെ നിന്നു.

Content Highlights: Asia Cup 2025: India beats United Arab Emirates

To advertise here,contact us