കേരള ക്രിക്കറ്റ് ലീഗിൽ നിന്ന് ലഭിച്ച പ്രതിഫല തുക ടീമിന് നൽകി കൊച്ചി ബ്ലൂടൈഗേഴ്സ് താരം സഞ്ജു സാംസൺ. കെസിഎൽ രണ്ടാം സീസണിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ചാംപ്യന്മാറായതിന് പിന്നാലെയാണ് സഞ്ജുവിന്റെ പ്രഖ്യാപനം. ലേലത്തിൽ ലഭിച്ച തുക സഹതാരങ്ങൾക്കും പരിശീലകർക്കുമാണ് നൽകുക. 26.8 ലക്ഷം രൂപയാണ് സഞ്ജുവിന് കെസിഎൽ ലേലത്തിൽ ലഭിച്ചത്.
ഇന്നലെ നടന്ന കെസിഎൽ കലാശപ്പോരിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെ 75 റൺസിന് പരാജയപ്പെടുത്തിയാണ് കൊച്ചി ചാംപ്യന്മാരായത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊച്ചി നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തു. കൊല്ലത്തിന്റെ മറുപടി 16.3 ഓവറിൽ 106 റൺസിൽ അവസാനിച്ചു.
ടോസ് നേടിയ കൊല്ലം നായകൻ സച്ചിൻ ബേബി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ വിപുൽ മനോഹരന്റെ വെടിക്കെട്ട് ബാറ്റിങ് മികവിൽ കൊച്ചി നന്നായി തുടങ്ങി. 30 പന്തുകളിൽ ഒൻപത് ഫോറും നാല് സിക്സുമുൾപ്പടെ 70 റൺസാണ് വിനൂപ് നേടിയത്. എന്നാൽ പിന്നാലെ വന്നവരുടെ പ്രകടനം മോശമായതോടെ കൊച്ചി ബാറ്റിങ് തകർച്ച നേരിട്ടു. ഒടുവിൽ ആൽഫി ഫ്രാൻസിസിൻ്റെ ഉജ്ജ്വല ഇന്നിങ്സ് അവസാന ഓവറുകളിൽ കൊച്ചിയ്ക്ക് തുണയായി. 25 പന്തുകളിൽ 47 റൺസുമായി ആൽഫി പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങിൽ കൊല്ലത്തിന് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായി. അഭിഷേക് നായർ 13, വത്സൽ ഗോവിന്ദ് 10, സച്ചിൻ ബേബി 17, വിഷ്ണു വിനോദ് 10 എന്നിവർ പൊരുതാതെ മടങ്ങി. 23 റൺസെടുത്ത വിജയ് വിശ്വനാഥാണ് ടോപ് സ്കോറർ. കൊല്ലത്തിനായി ജെറിൻ പിഎസ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
Content Highlights: Sanju Samson donates his remuneration from KCL to his team