ആദ്യ അഞ്ചിലും തകർപ്പൻ അടി; ഒടുവിൽ ആർച്ചറിന്റെ തീയുണ്ടക്ക് മുന്നിൽ വീണ് ദക്ഷിണാഫ്രിക്കൻ YOUNG GUN!

ആദ്യ മത്സരത്തിൽ തന്നെ 150 റൺസ് അടിച്ച് റെക്കോഡ് നേടിയായിരുന്നു താരത്തിൻ്റെ തുടക്കം

ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയ ആദ്യ അഞ്ച് മത്സരത്തിലും അർധശതകം തികച്ച് വരവറിയിച്ച താരമാണ് മാത്യൂ ബ്രീറ്റ്‌സ്‌കെ. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഈ വർഷം ഫെബ്രുവരിയിൽ ന്യൂസിലാൻഡിനെതിരെയായിരുന്നു ബ്രീറ്റ്‌സ്‌കെയുടെ അരങ്ങേറ്റം. ആദ്യ മത്സരത്തിൽ തന്നെ 150 റൺസ് അടിച്ച് റെക്കോഡ് നേടിയായിരുന്നു താരത്തിൻ്റെ തുടക്കം. പിന്നീടുള്ള നാല് മത്സരങ്ങളിലും തുടർച്ചയായ അർധസെഞ്ച്വറികൾ.

ഏകദിന ക്രിക്കറ്റിൽ അരങ്ങേറി ആദ്യ അഞ്ച് മത്സരത്തിലും അമ്പതിന് മുകളിൽ സ്‌കോർ ചെയ്യുന്ന ആദ്യ താരമായി ബ്രീറ്റ്‌സ്‌കെ മാറിയിരുന്നു. എന്നാൽ ഒടുവിൽ അദ്ദേഹത്തെ ഒറ്റയക്കത്തിൽ വീഴ്ത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ പേസ് കുന്തമുന ജോഫ്ര ആർച്ചർ. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടിയ അവസാന ഏകദിനത്തിലാണ് താരത്തെ ആർച്ചർ നാല് റൺസിന് മടക്കിയത്. വിക്കറ്റ് കീപ്പർ ജോസ് ബട്ട്‌ലറിന്റെ കയ്യിലെത്തിച്ചാണ് ആർച്ചർ ബ്രീറ്റ്‌സ്‌കെയെ മടക്കിയത്.

ആദ്യ അഞ്ച് മത്സരത്തിൽ നിന്നുമായി 463 റൺസാണ് ബ്രീറ്റ്‌സ്‌കെ അടിച്ചുക്കൂട്ടിയത്. ന്യൂസിലാൻഡിനെതിരെയുള്ള അരങ്ങേറ്റ മത്സരത്തിൽ 150 റൺസ് നേടിയ താരം രണ്ടാം മത്സരത്തിൽ പാകിസ്താനെതിരെ 83 റൺസ് നേടി. അടുത്ത രണ്ട് മത്സരങ്ങൾ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു. 50, 88 എന്നിങ്ങനെയായിരുന്നു ഈ രണ്ട് മത്സരങ്ങളിൽ യുവതാരത്തിന്റെ സ്‌കോറുകൾ.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ കളത്തിലിറങ്ങിയ ബ്രീറ്റ്‌സകെ 85 റൺസ് നേടി. എന്നാൽ ഇന്നലെ ദക്ഷിണാഫ്രിക്കയുടെ കൂട്ട തകർച്ചയിൽ ബ്രീറ്റ്‌സകെയും വീണു. ഒമ്പത് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റാണ് ആർച്ചർ സ്വന്തമാക്കിയത്.

അതേസമയം അവസാന ഏകദിനത്തിൽ ഇംഗ്ലണ്ട് ചരിത്രം വിജയം സ്വന്തമാക്കി.ദക്ഷിണാഫ്രിക്കയെ 342 റൺസിന് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് ചരിത്ര വിജയം ആഘോഷിച്ചത്. 2023ൽ തിരുവന്തപുരത്തുവെച്ച് ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ നേടിയ 317 റൺസിന്റെ വിജയമെന്ന റെക്കോർഡാണ് തിരുത്തിക്കുറിക്കപ്പെട്ടത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇം?ഗ്ലണ്ട് നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 414 റൺസെടുത്തു മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക നിരുപാധികം തകർന്നുവീണൂ. മൂന്ന് താരങ്ങൾക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. 20 റൺസെടുത്ത കോർബിൻ ബോഷാണ് ദക്ഷിണാഫ്രിക്കൻ നിരയിലെ ടോപ് സ്‌കോറർ. 20.5 ഓവറിൽ വെറും 72 റൺസിൽ ദക്ഷിണാഫ്രിക്കൻ സംഘം കിതച്ചുവീണൂ.

ഒമ്പത് ഓവർ എറിഞ്ഞ് മൂന്ന് മെയ്ഡൻ ഉൾപ്പെടെ 18 റൺസ് വിട്ടുകൊടുത്ത് നാല് വിക്കറ്റെടുത്ത ജൊഫ്ര ആർച്ചറാണ് ഇംഗ്ലണ്ട് ബൗളിങ്ങിൽ തിളങ്ങിയത്. ആദിൽ റാഷിദ് മൂന്നും ബ്രൈഡൻ കാർസ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

നേരത്തെ ഓപണർമാരായ ജാമി സ്മിത്തും ബെൻ ഡക്കറ്റും ഇം?ഗ്ലണ്ടിന് മികച്ച തുടക്കമാണ് നൽകിയത്. സ്മിത്ത് 62 റൺസും ഡക്കറ്റ് 31 റൺസും സംഭാവന ചെയ്തു. പിന്നാലെ ജേക്കബ് ബെഥലും ജോ റൂട്ടും ക്രീസിലൊന്നിച്ചതോടെ ഇം?ഗ്ലണ്ട് സ്‌കോർ മുന്നോട്ടുകുതിച്ചു.

96 പന്തുകളിൽ ആറ് ഫോറുകളുടെ അകമ്പടിയോടെ 100 റൺസാണ് ജോ റൂട്ട് നേടിയത്. 82 പന്തിൽ 13 ഫോറും മൂന്ന് സിക്‌സറും സഹിതം 110 റൺസ് ജേക്കബ് ബെഥൽ അടിച്ചുകൂട്ടി. ബെഥലിന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറിയുമാണിത്. ഇരുവരും ചേർന്ന മൂന്നാം വിക്കറ്റിൽ 182 റൺസ് കൂട്ടിച്ചേർത്തു.

അവസാന ഓവറുകളിൽ ജോസ് ബട്‌ലറിന്റെയും വിൽ ജാക്‌സിന്റെയും വെടിക്കെട്ടും ഇംഗ്ലണ്ടിന് തുണയായി. 32 പന്തിൽ എട്ട് ഫോറും ഒരു സിക്‌സറും സഹിതം പുറത്താകാതെ 62 റൺസാണ് ബട്‌ലർ നേടിയത്. എട്ട് പന്തിൽ രണ്ട് ഫോറും ഒരു സിക്‌സറും സഹിതം പുറത്താകാതെ 19 റൺസാണ് വിൽ ജാക്‌സിന്റെ സംഭാവന. പരമ്പര 2-1ന് ദക്ഷിണാഫ്രിക്ക ജയിച്ചു.

Content Highlights- Mathew Breethzeke got out for just 4 runs after 5 consecutive 50+ scores

To advertise here,contact us