പരിക്കിന്റെ പിടിയിൽ കേരള ടീമിൽ നിന്ന് പുറത്തായി; കെസിഎല്ലിലെ റൺവേട്ടക്കാരനായി കൃഷ്ണപ്രസാദ്

കെസിഎല്ലിൽ ട്രിവാൻഡ്രം റോയൽസിനായി ഓപണർ റോളിലാണ് കൃഷ്ണപ്രസാദ് കളത്തിലെത്തിയത്

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്‍റെ ഓറഞ്ച് ക്യാപ് സ്വന്തമാക്കി ട്രിവാൻഡ്രം റോയൽസിന്റെ കൃഷ്ണപ്രസാദ്. സീസണിലെ 10 മത്സരങ്ങളിൽ നിന്നായി 479 റൺസാണ് ട്രിവാൻഡ്രം റോയൽസിന്‍റെ നായകൻ അടിച്ചെടുത്തത്. ഒരു സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറികളുമാണ് കൃഷ്ണപ്രസാദിന്റെ സ്വന്തം പേരിലാക്കിയത്.

സീസണിൽ സെമി കാണാതെ റോയൽസ് പുറത്തായെങ്കിലും 26കാരനായ കൃഷ്ണപ്രസാദ് തന്റെ ടീമിനായി അടിച്ചുതകർത്തു. പരിക്കിനെ തുടർന്ന് കഴിഞ്ഞ സീസണിൽ കേരളത്തിന്റെ സീനിയ‍ർ ടീമിനൊപ്പം കളിക്കാൻ കൃഷ്ണപ്രസാദിന് കഴിഞ്ഞിരുന്നില്ല. കേരള ടീമിൽ തിരിച്ചെത്തുകയെന്ന ലക്ഷ്യം മുന്നിൽ വെച്ചാണ് കെസിഎല്ലിൽ റൺവേട്ടക്കാരുടെ പട്ടികയിൽ കെപി ഒന്നാമനായത്.

കെസിഎല്ലിൽ റോയൽസിനായി ഓപണർ റോളിലാണ് കൃഷ്ണപ്രസാദ് കളത്തിലെത്തിയത്. പവർ പ്ലേകളിൽ അടിച്ചുതകർത്തും മധ്യ ഓവറുകളിൽ ഫീൽഡിങ് ഗ്യാപ്പുകളിലൂടെ റണ്ണൊഴുക്കി ടീമിന്‍റെ സ്കോർ ഉ‍യർത്തിയും അവസാന ഓവറുകളിൽ ബൗളർമാർക്കെതിരെ കത്തിപ്പടരുന്നതിനും ഗ്രീൻഫീൽഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചു.

പ്രഥമ കെസിഎൽ സീസണിൽ ആലപ്പി റിപ്പിൾസിന്റെ താരമായിരുന്നു കൃഷ്ണപ്രസാദ്. ഇത്തവണ മൂന്ന് ലക്ഷത്തിനാണ് കെപിയെ ട്രിവാൻഡ്രം ലേലത്തിൽ പിടിച്ചെടുത്തത്. ആദ്യ സീസണിൽ 10 മത്സരങ്ങളിൽ നിന്ന് 192 റൺസായിരുന്നു കെപിയുടെ സമ്പാദ്യം. കെസിഎല്ലിന് പിന്നാലെ തോളെല്ലിന് പരിക്കേറ്റതോടെ കഴിഞ്ഞ സീസൺ പൂർണമായി ഈ വൈക്കം സ്വദേശിക്ക് നഷ്ടമായി. ഇതോടെ കേരള ടീമിൽ ഇടംപിടിക്കണമെന്ന ലക്ഷ്യവുമായാണ് പരിക്ക് ഭേദമായ ഉടനെ ദക്ഷിണ റെയിൽവേ ജീവനക്കാരനായ കൃഷ്ണപ്രസാദ് ചെന്നൈയിൽ നിന്ന് ഒരു മാസത്തെ അവധി എടുത്ത് പരിശീലനത്തിനായി തിരുവനന്തപുരത്തെത്തിയത്.

ടീമിലേക്കുള്ള ആദ്യ പടിയെന്നോണം കെസിഎല്ലിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. കൂട്ടിനായി തിരുവനന്തപുരം ജില്ല ടീമിൽ കളിക്കുന്ന തന്‍റെ സുഹൃത്തുകളും കെസിഎല്ലിൽ വിവിധ ടീമുകളിൽ അംഗങ്ങളുമായിട്ടുള്ള അനുരാജ്, അഭിഷേക് പ്രതാപ്, അഭിജിത്ത് പ്രവീൺ, രാഹുൽ ചന്ദ്രൻ, അഭിഷേക് നായർ എന്നിവരെയും ഒപ്പം കൂട്ടി. ഗ്രീൻഫീൽഡിലും മെഡിക്കൽ കോളജ് ഗ്രൗണ്ടിലുമായിട്ടായിരുന്നു പരിശീലനം. ഒടുവിൽ രാവും പകലും കഷ്ടപ്പെട്ടതിന് ഫലമുണ്ടായിരിക്കുകയാണ്.

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനായി രണ്ട് സെഞ്ച്വറികൾ നേടിയിട്ടുള്ള താരമാണ് കൃഷ്ണപ്രസാദ്. എന്നാൽ 2022ൽ‌ സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂർണമെന്റിലാണ് കൃഷ്ണപ്രസാദ് അവസാനമായി കേരളത്തിനായി കളത്തിലെത്തിയത്. അന്നുപക്ഷേ മികച്ച പ്രകടനമൊന്നും ബാറ്റിൽനിന്നുണ്ടായില്ല. എന്നാൽ ഇത്തവണ പരിക്കിൽ നിന്ന് മുക്തനായി എത്തിയതിന് പിന്നാലെ തൃശൂർ ടൈറ്റൻസിനെതിരെ 10 സിക്സിന്‍റെയും ആറ് ബൗണ്ടറികളുടെയും അകമ്പടിയോടെ പുറത്താകാതെ നേടിയ വെടിക്കെട്ട് സെഞ്ച്വറിയും (62 പന്തിൽ 119) ആലപ്പി റിപ്പിൾസിനെതിരെ നേടിയ അർധ സെഞ്ച്വറിയുമൊക്ക (52 പന്തിൽ 90) താരത്തിന് വലിയ ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്.

Content Highlights: Krishnaprasad wins the Orange Cap of the second season of the KCL

To advertise here,contact us