ഈ മാസം ഒടുവിൽ ആരംഭിക്കുന്ന ഓസ്ട്രേലിയ എയ്ക്കെതിരായ ഇന്ത്യ എയുടെ ഏകദിന പരമ്പരയിൽ സൂപ്പർതാരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും കളിച്ചേക്കുമെന്ന് റിപ്പോർട്ട്. മാർച്ച് ഒമ്പതാം തിയതി ഐസിസി ചാംപ്യൻസ് ട്രോഫിയുടെ ഫൈനലിൽ ന്യൂസിലാൻഡിനെതിരെയാണ് കോഹ്ലിയും രോഹിത്തും അവസാനമായി ഇന്ത്യൻ ജഴ്സിയണിഞ്ഞത്. ഒക്ടോബറിൽ ഓസ്ട്രേലിയയ്ക്കെതിരെ അവരുടെ നാട്ടിലാണ് ഇന്ത്യൻ സീനിയർ ടീമിന്റെ അടുത്ത ഏകദിന പരമ്പര നിശ്ചയിച്ചിരിക്കുന്നത്.
ഓസ്ട്രേലിയൻ എ ടീം മൂന്ന് ഏകദിന മത്സരങ്ങളാണ് ഇന്ത്യയിൽ കളിക്കുക. സെപ്റ്റംബർ 30, ഒക്ടോബർ മൂന്ന്, ഒക്ടോബർ അഞ്ച് തിയതികളിലാണ് മത്സരങ്ങൾ നടക്കുക. മൂന്ന് മത്സരങ്ങൾക്കും കാൺപൂരാണ് വേദിയാകുന്നത്. ഇതിന് മുമ്പ് രണ്ട് ടെസ്റ്റ് മത്സരങ്ങളും ഇന്ത്യ എ ടീമും ഓസ്ട്രേലിയ എ ടീമും തമ്മിൽ കളിക്കും. ശ്രേയസ് അയ്യർ നായകനാകുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ ബിസിസിഐ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
ധ്രുവ് ജുറേലാണ് വൈസ് ക്യാപ്റ്റൻ. റുതുരാജ് ഗെയ്ക്ക്വാദ്, രജത് പാട്ടിദാർ തുടങ്ങിയ പ്രധാന താരങ്ങൾക്ക് ടീമിൽ ഇടം നേടാൻ സാധിച്ചില്ല. കെ എൽ രാഹുൽ, മുഹമ്മദ് സിറാജ് എന്നിവർ രണ്ടാം ടെസ്റ്റിനുള്ള ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. സെപ്റ്റംബർ 16 മുതൽ 19 വരെയാണ് ആദ്യ മത്സരം നടക്കുക. പിന്നാലെ സെപ്റ്റംബർ 23 മുതൽ 26 വരെ രണ്ടാം ടെസ്റ്റും നടക്കും. ലഖ്നൗവിലാണ് രണ്ട് മത്സരങ്ങളും നടക്കുക.
ഓസ്ട്രേലിയ എ ടീമിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിമന്യൂ ഈശ്വരൻ, എൻ ജഗദീശൻ (വിക്കറ്റ് കീപ്പർ), ദേവ്ദത്ത് പടിക്കൽ, ഹർഷ് ദൂബെ, ആയുഷ് ബദോനി, നിതീഷ് കുമാർ റെഡ്ഡി, തനൂഷ് കോട്യാൻ, പ്രസിദ്ധ് കൃഷ്ണ, ഗുർനീർ ബ്രാർ, ഖലീൽ അഹമ്മദ്, നാനവ് സുത്താർ, യാഷ് താക്കൂർ.
കെ എൽ രാഹുൽ, മുഹമ്മദ് സിറാജ് എന്നിവർ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനൊപ്പം ചേരും.
Content Highlights: Virat Kohli And Rohit Sharma Likely To Play For India A