ഏഷ്യാ കപ്പ് ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിനായി ഇന്ത്യൻ ടീം ദുബായിൽ പരിശീലനം ആരംഭിച്ചിരിക്കുകയാണ്. എന്നാൽ ഇന്ത്യൻ ടീമിന്റെ ആദ്യ ദിവസത്തെ ക്യാമ്പ് പിന്നിടുമ്പോൾ മലയാളി ആരാധകർക്ക് ആശ്വാസകരമായ വാർത്തയല്ല പുറത്തുവരുന്നത്. ക്രിക്ബസിന്റെ റിപ്പോർട്ട് അനുസരിച്ച് വിക്കറ്റ് കീപ്പറായി ജിതേഷ് ശർമയ്ക്ക് ഏറെ നേരത്തെ പരിശീലനമാണ് ടീം മാനേജ്മെന്റ് നൽകിയത്. എന്നാൽ സമീപകാലത്ത് ഇന്ത്യൻ ട്വന്റി 20 ടീമിൽ ഓപണറായി മികച്ച പ്രകടനം പുറത്തെടുത്തിട്ടും സഞ്ജു സാംസണിന് അധികനേരം പരിശീലനം ഉണ്ടായിരുന്നില്ല. ഏഷ്യാ കപ്പിൽ സഞ്ജു പ്ലെയിങ് ഇലവനിൽ ഉണ്ടായേക്കില്ലെന്ന സൂചനയാണ് പരിശീലന സെഷനിൽ നിന്നും പുറത്തുവരുന്നത്.
ആദ്യത്തെ ഏതാനും മണിക്കൂറുകളിൽ ശുഭ്മൻ ഗിൽ, അഭിഷേക് ശർമ, സൂര്യകുമാർ യാദവ്, തിലക് വർമ, ജിതേഷ് ശർമ, റിങ്കു സിങ് എന്നിവർ നെറ്റ്സിൽ പരിശീലനം നടത്തി. അർഷ്ദീപ് സിംഗിന്റെയും ജസ്പ്രീത് ബുംറയുടെയും ബൗളിങ്ങിലായിരുന്നു ഗില്ലും അഭിഷേകും പരിശീലനം നടത്തിയത്. ഹാർദിക് പാണ്ഡ്യയും ശിവം ദുബെയുമാണ് നെറ്റ്സിൽ ബൗളിങ് പരിശീലനം നടത്തിയ മറ്റു താരങ്ങൾ.
ഇന്ത്യൻ ടീമിൽ മധ്യനിരയിൽ റിങ്കു സിങ്ങിന് സ്ഥാനമുണ്ടാകുമെന്നും പരിശീലന സെഷനിൽ നിന്ന് സൂചന ലഭിച്ചു. കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, അക്സർ പട്ടേൽ തുടങ്ങിയ സ്പിന്നർമാർക്കെതിരെയാണ് റിങ്കു പരിശീലനം നടത്തിയത്. സൂര്യകുമാർ യാദവ്, തിലക് വർമ എന്നിവരാണ് സ്പിന്നർമാർക്കെതിരെ പരിശീലനം നടത്തിയ മറ്റു ബാറ്റർമാർ. ഇതിൽ വരുൺ ചക്രവർത്തി കൂടുതൽ സമയം നെറ്റ്സിൽ പന്തെറിയുകയും ചെയ്തു.
സെപ്റ്റംബര് ഒന്പത് മുതല് 28 വരെയാണ് ഏഷ്യാകപ്പ് മത്സരങ്ങള്. എട്ട് ടീമുകള് പങ്കെടുക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്ണമെന്റില് ആകെ 19 മത്സരങ്ങളാണ് ഉണ്ടാവുക. സെപ്റ്റംബര് 14നാണ് ഇന്ത്യ-പാക് പേരാട്ടം നടക്കുക. ഗ്രൂപ്പ് ഘട്ടത്തില് യുഎഇയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒമാനെതിരെയും ഇന്ത്യയ്ക്ക് ഗ്രൂപ്പ് ഘട്ടത്തില് മത്സരമുണ്ട്. സെപ്റ്റംബര് 28നാണ് കലാശപ്പോരാട്ടം നടക്കുക.
ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ജസ്പ്രീത് ബുംമ്ര, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹർഷിത് റാണ, റിങ്കു സിങ്.
Content Highlights: Huge Sanju Samson Setback In India's First Asia Cup 2025 Nets Session