ഏഷ്യാ കപ്പ് ക്രിക്കറ്റ് ട്വന്റി 20 ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിന്റെ ജഴ്സിയുടെ ചിത്രങ്ങൾ പുറത്ത്. ശിവം ദുബെയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഇന്ത്യൻ ടീമിന്റെ ജഴ്സിയുടെ ചിത്രങ്ങൾ പുറത്തുവന്നത്. ഒരു ഔദ്യോഗിക സ്പോൺസർ ഇല്ലാതെയാണ് ഇന്ത്യൻ ടീം ഏഷ്യാ കപ്പിൽ കളിക്കുക.
ഡിപി വേൾഡ് ഏഷ്യാ കപ്പ് എന്നുമാത്രമാണ് ഇന്ത്യൻ ടീമിന്റെ ജഴ്സിയിൽ പതിച്ചിരിക്കുന്നത്. ഇതിൽ ഡിപി വേൾഡ് ഏഷ്യാ കപ്പിന്റെ ഔദ്യോഗിക സ്പോൺസറാണ്. ഡ്രീം ഇലവനായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക സ്പോൺസർമാർ. എന്നാൽ രാജ്യത്ത് ബെറ്റിങ് ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചതോടെ ഡ്രീം ഇലവൻ ഇന്ത്യൻ ടീമിന്റെ സ്പോൺസർഷിപ്പിൽ നിന്ന് പിന്മാറുകയായിരുന്നു. പുതിയ സ്പോൺസറെ കണ്ടെത്താനുള്ള ശ്രമങ്ങളും ബിസിസിഐ തുടങ്ങിയിട്ടുണ്ട്.
കരാർ തുകയിൽ നേരിയ വർദ്ധനവ് വരുത്തിയാണ് പുതിയ സ്പോൺസർമാരെ കണ്ടെത്താൻ ബിസിസിഐ ശ്രമിക്കുന്നത്. മൂന്ന് വർഷത്തെ കരാറിനാണ് ബിസിസിഐ ശ്രമിക്കുന്നത്. പുതിയ സ്പോൺസർമാരായി എത്തുന്നവർ ഇന്ത്യൻ ടീമിന്റെ ക്രിക്കറ്റ് പരമ്പരകൾക്ക് 3.5 കോടി രൂപയും ക്രിക്കറ്റ് ടൂർണമെന്റുകൾക്ക് 1.5 കോടി രൂപയുമാണ് ബിസിസിഐക്ക് നൽകേണ്ടത്. നേരത്തെ പരമ്പരകൾക്ക് 3.17 കോടി രൂപയും ടൂർണമെന്റുകൾക്ക് 1.12 കോടി രൂപയുമായിരുന്നു സ്പോൺസർഷിപ്പ് തുക.
ഇന്ത്യയുടെ ക്രിക്കറ്റ് പരമ്പരകൾക്ക് 10 ശതമാനത്തിൻ്റെയും ക്രിക്കറ്റ് ടൂർണമെന്റുകൾക്ക് മൂന്ന് ശതമാനത്തിന്റെയും വർദ്ധനവാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. ക്രിക്കറ്റ് പരമ്പരകളിൽ താരങ്ങൾ ധരിക്കുന്ന ജഴ്സിയുടെ നെഞ്ചിൻ്റെ ഭാഗത്തായി ബ്രാൻഡിന്റെ പേര് പ്രധാനമായും പ്രദർശിപ്പിക്കുവാൻ കഴിയും. എന്നാൽ ഐസിസി, എസിസി ടൂർണമെന്റുകളിൽ താരങ്ങളുടെ ജഴ്സിയുടെ സ്ലീവ്സിൽ മാത്രമെ സ്പോൺസറിന്റെ പേര് പ്രത്യക്ഷപ്പെടുകയുള്ളൂ. ഇതിനാലാണ് ക്രിക്കറ്റ് പരമ്പരകൾക്ക് കൂടുതൽ തുക ബിസിസിഐ നിർദ്ദേശിച്ചിരിക്കുന്നത്.
Content Highlights: No jersey sponsors for team India in Asia Cup