യുഎഇ വേദിയാകുന്ന ഏഷ്യാ കപ്പ് ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീം ദുബായിൽ ആദ്യ പരിശീലന സെഷൻ ആരംഭിച്ചു. വെള്ളിയാഴ്ചയായിരുന്നു ഇന്ത്യൻ ടീമിന്റെ ആദ്യ പരിശീലനം. ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമാണ് ഏഷ്യാ കപ്പിനായി മത്സരിക്കുക.
ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, മുഖ്യപരിശീലകൻ ഗൗതം ഗംഭീർ, ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസൺ, തിലക് വർമ, ബൗളിങ് കോച്ച് മോർണി മോർക്കൽ, സ്പിന്നർമാരായ വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, റിങ്കു സിങ് എന്നിവരും മറ്റ് താരങ്ങളും പരിശീലനത്തിലുണ്ടായിരുന്നു.
സെപ്റ്റംബര് ഒന്പത് മുതല് 28 വരെയാണ് ഏഷ്യാകപ്പ് മത്സരങ്ങള്. എട്ട് ടീമുകള് പങ്കെടുക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്ണമെന്റില് ആകെ 19 മത്സരങ്ങളാണ് ഉണ്ടാവുക. സെപ്റ്റംബര് 14നാണ് ഇന്ത്യ-പാക് പേരാട്ടം നടക്കുക. ഗ്രൂപ്പ് ഘട്ടത്തില് യുഎഇയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒമാനെതിരെയും ഇന്ത്യയ്ക്ക് ഗ്രൂപ്പ് ഘട്ടത്തില് മത്സരമുണ്ട്. സെപ്റ്റംബര് 28നാണ് കലാശപ്പോരാട്ടം നടക്കുക.
ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ജസ്പ്രീത് ബുംമ്ര, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹർഷിത് റാണ, റിങ്കു സിങ്.
റിസർവ് താരങ്ങൾ: പ്രസിദ്ധ് കൃഷ്ണ, വാഷിങ്ടൺ സുന്ദർ, റിയാൻ പരാഗ്, ധ്രുവ് ജുറേൽ, യശസ്വി ജയ്സ്വാൾ.
Content Highlights: India kick-start Asia Cup 2025 campaign with first practice session