'ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്താനെതിരെ കളിക്കും'; കേന്ദ്ര സർക്കാർ മാർ​ഗനിർദേശങ്ങൾ വ്യക്തമാക്കി ബിസിസിഐ

'കേന്ദ്ര സർക്കാർ പുറത്തിറക്കുന്ന ഏത് നിയമവും അം​ഗീകരിക്കാൻ ബിസിസിഐ ബാദ്ധ്യസ്ഥരാണ്'

അടുത്തയാഴ്ച ആരംഭിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ട്വന്റി 20 ടൂർണമെന്റിൽ ഇന്ത്യൻ ടീം പാകിസ്താനെതിരെ കളിക്കാനൊരുങ്ങുന്നതിൽ പ്രതികരണവുമായി ബിസിസിഐ. ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ പാക് ഭീകരവാദികൾ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് കായിക മേഖലയിൽ ഇന്ത്യ പാകിസ്താൻ മത്സരങ്ങൾക്കെതിരെ കടുത്ത വിമർശനം ഉയരുന്നത്. ഇതോടെയാണ് ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്താനെ നേരിടുന്നതിൽ വ്യക്തത വരുത്തി ബിസിസിഐ രം​ഗത്തെത്തിയത്.

'കേന്ദ്ര സർക്കാർ പുറത്തിറക്കുന്ന ഏത് നിയമവും അം​ഗീകരിക്കാൻ ബിസിസിഐ ബാദ്ധ്യസ്ഥരാണ്. ഐസിസിടെയോ എഷ്യൻ ക്രിക്കറ്റിന്റെയോ പരമ്പരകളിൽ പാകിസ്താനെതിരെ ഇന്ത്യ കളിക്കുന്നതിൽ കേന്ദ്ര സർക്കാർ നിയന്ത്രണമില്ല. വിവിധ രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഇന്ത്യ എല്ലാ മത്സരങ്ങളും കളിക്കേണ്ടതുണ്ട്. എന്നാൽ പാകിസ്താനുമായി ക്രിക്കറ്റ് പരമ്പരകൾ ഇന്ത്യ കളിക്കില്ല.' എഎൻഐക്ക് നൽകിയ പ്രതികരണത്തിൽ ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ പ്രതികരിച്ചു.

'ഏഷ്യൻ ഭൂഖണ്ഡത്തിലെ വിവിധ രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റാണ് ഏഷ്യാ കപ്പ്. ഇത്തരം ടൂർണമെന്റുകളിൽ ഇന്ത്യയുമായി നല്ല ബന്ധത്തിലല്ലാത്ത ഒരു രാജ്യം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും നമ്മൾ കളിക്കാൻ ബാധ്യസ്ഥരാണ്.' സൈക്കിയ വ്യക്തമാക്കി.

സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ 28 വരെയാണ് ഏഷ്യാകപ്പ് മത്സരങ്ങള്‍. എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആകെ 19 മത്സരങ്ങളാണ് ഉണ്ടാവുക. സെപ്റ്റംബര്‍ 14നാണ് ഇന്ത്യ-പാക് പേരാട്ടം നടക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ യുഎഇയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒമാനെതിരെയും ഇന്ത്യയ്ക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ മത്സരമുണ്ട്. സെപ്റ്റംബര്‍ 28നാണ് കലാശപ്പോരാട്ടം നടക്കുക.

Content Highlights: BCCI Breaks Silence On Facing Pakistan At Asia Cup Despite Outrage

To advertise here,contact us