ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ വെസ്റ്റ് സോണും സെൻട്രെൽ സോണും തമ്മിലുള്ള പോരാട്ടം കടുക്കുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് സോൺ ഒന്നാം ഇന്നിങ്സിൽ 438 റൺസെന്ന ഭേദപ്പെട്ട സ്കോറുയർത്തി. എന്നാൽ അനായാസം തിരിച്ചടിക്കുന്ന സെൻട്രെൽ സോൺ രണ്ടാം ദിവസം മത്സരം നിർത്തുമ്പോൾ ഒന്നാം ഇന്നിങ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 229 റൺസെന്ന നിലയിലാണ്. വെസ്റ്റ് സോണിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിനൊപ്പമെത്താൻ സെൻട്രെൽ സോണിന് ഇനി 209 റൺസ് കൂടി വേണം.
നേരത്തെ ആറ് വിക്കറ്റ് നഷ്ടത്തിൽ 363 റൺസെന്ന നിലയിലാണ് വെസ്റ്റ് സോൺ രണ്ടാം ദിവസം ബാറ്റിങ് പുനരാരംഭിച്ചത്. 76 റൺസുമായി തനൂഷ് കോട്യാനും 64 റൺസുമായി ക്യാപ്റ്റൻ ഷാർദുൽ താക്കൂറുമാണ് വെസ്റ്റ് സോണിനെ മികച്ച സ്കോറിലേക്കെത്തിച്ചത്. ആദ്യ ദിനം റുതുരാജ് ഗെയ്ക്ക്വാദ് നേടിയ 184 റൺസും വെസ്റ്റ് സോണിന് തുണയായി. സെൻട്രെൽ സോണിനായി സർനാഷ് ജെയിൻ, ഹർഷ് ദുബെ എന്നിവർ മൂന്ന് വീതം വിക്കറ്റുകളെടുത്തു.
മറുപടി ബാറ്റിങ്ങിൽ സെൻട്രെൽ സോണിനായി മുൻതാരങ്ങളെല്ലാം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ആയുഷ് പാണ്ഡെ 40 റൺസും ഡാനിഷ് മലേവാർ 76 റൺസും നേടി. 66 റൺസോടെ ശുഭം ശർമയും 47 റൺസുമായി ക്യാപ്റ്റൻ രജത് പാട്ടിദാറും ക്രീസിൽ തുടരുകയാണ്.
Content Highlights: Central Zone fights backs against West Zone in Duleep Trophy