ഐപിഎൽ അടുത്ത സീസണിലും ധോണി കളിക്കും, അവസാന സീസണാകാൻ സാധ്യത; റിപ്പോർട്ട്

അടുത്ത വർഷം ചെന്നൈയുടെ ക്യാപ്റ്റന്റെ റോളിൽ റുതുരാജാണോ ധോണിയാണോ കളിക്കുകയെന്നത് പിന്നീട് തീരുമാനിക്കും

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ അടുത്ത സീസണിലും ചെന്നൈ സൂപ്പർ കിങ്സ് നിരയിൽ മഹേന്ദ്ര സിങ് ധോണി കളിക്കുമെന്ന് റിപ്പോർട്ട്. എന്നാൽ അടുത്ത സീസണോടെ ധോണി ഐപിഎല്ലിൽ നിന്ന് വിരമിച്ചേക്കുമെന്നും സൂചനയുണ്ട്. ചെന്നൈ സൂപ്പർ കിങ്സിനോട് അടുത്ത വൃത്തങ്ങളെ ഉദ്ദരിച്ച് റെവ്സ്പോർട്സാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിങ്സിന്റെ ചെയർമാനായി എൻ ശ്രീനിവാസൻ നിയമതിനായിരുന്നു. ഇതോടെ ചെന്നൈയിൽ ഒരു വർഷം കൂടി കളിക്കാൻ ധോണി തീരുമാനം എടുക്കുകയായിരുന്നു. കഴിഞ്ഞ സീസൺ ഐപിഎല്ലിൽ ചെന്നൈ പോയിന്റ് ടേബിളിൽ അവസാന സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. സീസണിന്റെ പകുതിയിൽ ക്യാപ്റ്റൻ റുതുരാജ് ​ഗെയ്ക്ക്‌വാദ് പരിക്കേറ്റതിനാലാണ് ധോണി നായകസ്ഥാനം ഏറ്റെടുത്തത്. അടുത്ത വർഷം ചെന്നൈയുടെ ക്യാപ്റ്റന്റെ റോളിൽ റുതുരാജാണോ ധോണിയാണോ കളിക്കുകയെന്നത് പിന്നീട് തീരുമാനിക്കും. അടുത്ത സീസണിൽ ആറാം ഐപിഎൽ കിരീടത്തോടെ വിരമിക്കുകയാണ് ധോണിയുടെ ലക്ഷ്യമെന്നും റിപ്പോർട്ടുകളുണ്ട്.

🚨 MS DHONI SET TO PLAY IPL 2026. 🚨- Thala Dhoni in CSK for one more season. (Revsportz). pic.twitter.com/TfFfa7xlH4

2008ൽ പ്രഥമ ഐപിഎല്ലിന് മുമ്പായി ചെന്നൈ സൂപ്പർ കിങ്സെന്ന ഐപിഎൽ ഫ്രാഞ്ചൈസി സ്വന്തമാക്കുന്നതിന്റെ ബുദ്ധികേന്ദ്രങ്ങളിലൊരാളായിരുന്നു എൻ ശ്രീനിവാസൻ. എന്നാൽ സിഎസ്കെയിൽ ഔദ്യോ​ഗിക പദവികളൊന്നും ശ്രീനിവാസൻ വഹിച്ചിട്ടില്ല. 2013ൽ ബിസിസിഐ പ്രസിഡന്റ്, 2015ൽ ഐസിസി ചെയർമാൻ എന്നീ പദവികൾ ശ്രീനിവാസൻ വഹിച്ചിട്ടുണ്ട്.‌

2016, 2017 സീസണുകളിൽ ഐപിഎല്ലിൽ നിന്ന് ചെന്നൈ സൂപ്പർ കിങ്സിന് വിലക്ക് നേരിട്ടിരുന്നു. 2013ലെ ഐപിഎല്ലിനിടെ ശ്രീനിവാസന്റെ ബന്ധു ​ഗുരുനാഥ് മെയ്യപ്പന് വാതുവയ്പുകാരുമായി ബന്ധമുണ്ടായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഫ്രാഞ്ചൈസിക്ക് വിലക്ക് നേരിട്ടത്. പിന്നാലെ മെയ്യപ്പന് ക്രിക്കറ്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്തി. ചെന്നൈ സൂപ്പർ കിങ്സിന്റെ പ്രവർത്തനങ്ങൾ എൻ ശ്രീനിവാസൻ സഹോദരൻ ആർ ശ്രീനിവാസനെ ഏൽപ്പിക്കുകയും ചെയ്തു. 10 വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് ക്രിക്കറ്റിന്റെ മുഖ്യധാരയിലേക്ക് 80കാരനായ ശ്രീനിവാസൻ മടങ്ങിയെത്തുന്നത്.

Content Highlights: MS Dhoni Set To Play IPL 2026

To advertise here,contact us