സെഞ്ച്വറി കടന്ന് എൻ ജ​ഗദീശൻ; ദുലീപ് ട്രോഫിയിൽ സൗത്ത് സോൺ മികച്ച സ്കോറിൽ

കേരള താരം മുഹമ്മദ് അസ്ഹറുദ്ദീനാണ് സൗത്ത് സോണിൻ്റെ നായകൻ

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സൗത്ത് സോണിന് മികച്ച തുടക്കം. സെഞ്ച്വറിയുമായി പുറത്താകാതെ നിൽക്കുന്ന എൻ ജ​ഗദീശന്റെ പ്രകടനമാണ് സൗത്ത് സോണിനെ മികച്ച സ്കോറിലെത്തിച്ചത്. ആദ്യ ദിവസം മത്സരം നിർത്തുമ്പോൾ സൗത്ത് സോൺ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 297 റൺസെന്ന നിലയിലാണ്.

മത്സരത്തിൽ ടോസ് നേടിയ നോർത്ത് സോൺ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ നോർത്ത് സോൺ നായകൻ അൻകിത് കുമാറിന്റെ തീരുമാനം തെറ്റെന്ന് തെളിയിച്ചായിരുന്നു സൗത്ത സോണിന്റെ ബാറ്റിങ്. ഓപണർമാരായ തൻമയ് അ​ഗർവാളും നാരായൺ ജ​ഗദീശനും ആദ്യ വിക്കറ്റിൽ സെഞ്ച്വറി കൂട്ടുകെട്ട് ഉണ്ടാക്കി. 43 റൺസെടുത്താണ് തൻമയ് അ​ഗർവാൾ പുറത്തായത്. 260 പന്ത് നേരിട്ട് 13 ഫോറും രണ്ട് സിക്സറും സഹിതം 148 റൺസെടുത്ത ജ​ഗദീശൻ പുറത്താകാതെ നിൽക്കുകയാണ്.

മൂന്നാമനായി ക്രീസിലെത്തിയ ദേവ്ദത്ത് പടിക്കൽ 57 റൺസ് സംഭാവന ചെയ്തു. 15 റൺസെടുത്ത മോഹിത് കാലെയുടെ വിക്കറ്റും സൗത്ത് സോണിന് നഷ്ടമായി. മലയാളി താരവും സൗത്ത് സോൺ നായകനുമായ മുഹമ്മദ് അസ്ഹറുദ്ദീൻ 11 റൺസുമായി ക്രീസിലുണ്ട്. നോർത്ത് സോണിനായി നിഷാന്ത് സന്ധു രണ്ട് വിക്കറ്റും അൻഷുൽ കംബോജും ഒരു വിക്കറ്റും വീഴ്ത്തി.

Content Highlights: Duleep Trophy 2025: N Jagadeesan slams his 11th First-Class century

To advertise here,contact us