'ശ്രീയായിരുന്നു ഇര, സത്യം മാത്രമാണ് ഞാന്‍ പറഞ്ഞത്'; ശ്രീശാന്തിന്റെ ഭാര്യയ്ക്ക് മറുപടിയുമായി ലളിത് മോദി

ഹർഭജൻ സിംഗ് ശ്രീശാന്തിനെ തല്ലുന്ന വീഡിയോ പുറത്തുവിട്ട ലളിത് മോദിക്കെതിരെ ശ്രീശാന്തിൻ്റെ ഭാര്യ ഭുവനേശ്വരി രൂക്ഷമായി പ്രതികരിച്ചിരുന്നു

ഇന്ത്യയുടെ മുൻ താരം ശ്രീശാന്തിൻ്റെ ഭാര്യ ഭുവനേശ്വരിക്ക് മറുപടിയുമായി ലളിത് മോദി. 2008 ഐപിഎല്ലിനിടെ ഹർഭജൻ സിംഗ് ശ്രീശാന്തിനെ തല്ലുന്ന വീഡിയോ പുറത്തുവിട്ട ലളിത് മോദിക്കെതിരെയും ലോകകപ്പ് ജേതാവായ മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കൽ ക്ലാർക്കിനെതിരെയും കഴിഞ്ഞ ദിവസം ഭുവനേശ്വരി രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഐപിഎല്‍ സ്ഥാപകനും മുന്‍ ഐപിഎല്‍ കമ്മീഷണറുമായ ലളിത് മോദി രംഗത്തുവന്നത്.

"അവർ എന്തിനാണ് ഇങ്ങനെ ദേഷ്യപ്പെടുന്നതെന്ന് എനിക്കറിയില്ല. എന്നോട് ഒരു ചോദ്യം ചോദിച്ചു. ഞാൻ സത്യം പറഞ്ഞു. എനിക്ക് അതിലൊന്നും ചെയ്യാനാവില്ല. ഞാൻ സത്യം പറയുന്നയാളാണ്. ആ സംഭവത്തിൽ ഇതിൽ ശ്രീ ഇരയാണ്. എന്നോട് മുൻപ് ആരും ഈ ചോദ്യം ചോദിച്ചിട്ടില്ല. ക്ലാർക്ക് ചോദിച്ചു, അതുകൊണ്ട് ഞാൻ മറുപടി പറയുകയും ചെയ്തു", ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിൽ‌ ലളിത് മോദി പറഞ്ഞു.

🚨 Lalit Modi responds to Sreesanth’s wife Bhuvneshwari's criticism over 'Slapgate' video release:"I was asked a question, and I shared the truth. I can't do anything about that. Sree was the victim, and that's exactly what I said."— Lalit Modi, as quoted by Times of India… pic.twitter.com/r1KY8WjRwH

തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഭുവനേശ്വരി ലളിത് മോദിയെയും മൈക്കൽ ക്ലാർക്കിനെയും വിമർശിച്ചത്. വെറുപ്പുളവാക്കുന്ന, ഹൃദയശൂന്യമായ, മനുഷ്യത്വരഹിതമായ നടപടിയാണ് വില കുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടി ഇരുവരും നടത്തിയതെന്ന് അവര്‍ കുറ്റപ്പെടുത്തി. നിങ്ങളുടെ വിലകുറഞ്ഞ സ്വന്തം പബ്ലിസിറ്റിക്കും കാഴ്ചപ്പാടുകള്‍ക്കും വേണ്ടി 2008 ലെ കാര്യങ്ങള്‍ വലിച്ചിഴയ്ക്കുന്ന നിങ്ങള്‍ മനുഷ്യരല്ല. ശ്രീശാന്തും ഹര്‍ഭജനും ഇപ്പോള്‍ സ്‌കൂളില്‍ പോകുന്ന കുട്ടികളുടെ അച്ഛന്മാരായി. എന്നിട്ടും നിങ്ങള്‍ അവരെ പഴയ മുറിവിലേക്ക് വലിച്ചെറിയാന്‍ ശ്രമിക്കുന്നു. തികച്ചും വെറുപ്പുളവാക്കുന്ന, ഹൃദയശൂന്യനായ, മനുഷ്യത്വരഹിതമായ നടപടിയാണിതെന്ന് ഭുവനേശ്വരി ചൂണ്ടിക്കാട്ടി.

മൈക്കൽ ക്ലാർക്കുമായി നടത്തിയ ഒരു പോഡ്കാസ്റ്റിലാണ് ശ്രീശാന്തിനെ ഹർഭജൻ സിംഗ് തല്ലുന്ന എക്സ്ക്ലൂസിവ് രംഗങ്ങൾ മോദി പുറത്തുവിട്ടത്. ഇത്രയും കാലം രഹസ്യമായി സൂക്ഷിക്കുകയായിരുന്നുവെന്ന് പറഞ്ഞാണ് ഇരുവരും ദൃശ്യങ്ങള്‍ പരസ്യമാക്കിയത്. അച്ചടക്ക നടപടിയുടെ ഭാഗമായി തുടര്‍ന്നുള്ള ഐപിഎല്‍ മാച്ചുകളില്‍ നിന്ന് ഹര്‍ഭജനെ വിലക്കിയിരുന്നു. ഇന്ത്യന്‍ ടീം അംഗങ്ങളായിരുന്ന ശ്രീശാന്തും ഹര്‍ഭജനും പിന്നീട് നല്ല സുഹൃത്തുക്കളായി.

2008 ഐപിഎല്ലിന്റെ ഉദ്ഘാടന സീസണില്‍ മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തിനിടെ ആയിരുന്നു സംഭവം. മല്‍സരത്തില്‍ ശ്രീശാന്തിന്റെ ടീം കിങ്‌സ് ഇലവന്‍ വിജയിച്ചിരുന്നു. കളിക്ക് ശേഷമുള്ള ഹസ്തദാന ചടങ്ങിനിടെ മുംബൈയുടെ താല്‍ക്കാലിക നായകന്‍ ഹര്‍ഭജന്‍ ശ്രീശാന്തിന്റെ മുഖത്ത് അടിക്കുകയായിരുന്നു. ശ്രീശാന്ത് കരയുന്ന ദൃശ്യങ്ങള്‍ അന്ന് പുറത്തുവന്നെങ്കിലും തല്ലുന്നതിന്റെയും തുടര്‍ന്നുള്ള വഴക്കിന്റെയും വീഡിയോ ആദ്യമായാണ് പുറത്തുവരുന്നത്.

Content Highlights: Lalit Modi responds to Sreesanth’s wife Bhuvneshwari's criticism over 'Slapgate' video release

To advertise here,contact us