ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നായിരുന്നു ഹർഭജൻ സിംഗ്-ശ്രീശാന്ത് വാക്കുതർക്കം. 17 വർഷങ്ങൾക്ക് ശേഷം മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദി ഈ സംഭവത്തിന്റെ ആരും ഇതുവരെ കാണാത്ത ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. ഇതോടെ ഈ സംഭവം വീണ്ടും ചർച്ചയാവുകയും ചെയ്തു. ഇപ്പോഴിതാവീഡിയോ പുറത്തുവിട്ടതിനെ വിമര്ശിച്ച് മുന് ക്രിക്കറ്റര് എസ് ശ്രീശാന്തിന്റെ ഭാര്യ.
വീഡിയോ പുറത്തുവിട്ട ഐപിഎല് സ്ഥാപകനും മുന് ഐപിഎല് കമ്മീഷണറുമായ ലളിത് മോദിയെയും ലോകകപ്പ് ജേതാവായ മുന് ഓസ്ട്രേലിയന് ക്യാപ്റ്റന് മൈക്കല് ക്ലാര്ക്കിനെയും ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി രൂക്ഷമായി വിമര്ശിച്ചു. വെറുപ്പുളവാക്കുന്ന, ഹൃദയശൂന്യമായ, മനുഷ്യത്വരഹിതമായ നടപടിയാണ് വില കുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടി ഇരുവരും നടത്തിയതെന്ന് അവര് കുറ്റപ്പെടുത്തി.
നിങ്ങളുടെ വിലകുറഞ്ഞ സ്വന്തം പബ്ലിസിറ്റിക്കും കാഴ്ചപ്പാടുകള്ക്കും വേണ്ടി 2008 ലെ കാര്യങ്ങള് വലിച്ചിഴയ്ക്കുന്ന നിങ്ങള് മനുഷ്യരല്ല. ശ്രീശാന്തും ഹര്ഭജനും ഇപ്പോള് സ്കൂളില് പോകുന്ന കുട്ടികളുടെ അച്ഛന്മാരായി. എന്നിട്ടും നിങ്ങള് അവരെ പഴയ മുറിവിലേക്ക് വലിച്ചെറിയാന് ശ്രമിക്കുന്നു. തികച്ചും വെറുപ്പുളവാക്കുന്ന, ഹൃദയശൂന്യനായ, മനുഷ്യത്വരഹിതമായ നടപടിയാണിതെന്ന് ഭുവനേശ്വരി ചൂണ്ടിക്കാട്ടി.
നേരിട്ട എല്ലാ കഷ്ടപ്പാടുകള്ക്കും ശേഷം ശ്രീശാന്ത് അന്തസ്സോടെ ജീവിതം പുനര്നിര്മിച്ചു. ഭാര്യ എന്ന നിലയിലും കുട്ടികളുടെ അമ്മ എന്ന നിലയിലും, 18 വര്ഷങ്ങള്ക്ക് ശേഷം ഇത് വീണ്ടും ഉയര്ന്നുവരുന്നത് കാണുന്നത് ഞങ്ങളുടെ കുടുംബത്തിന് വളരെ വേദനാജനകമാണ്. പതിറ്റാണ്ടുകള്ക്ക് മുമ്പ് കുഴിച്ചുമൂടപ്പെട്ട ആഘാതം വീണ്ടും അനുഭവിക്കാന് കുടുംബങ്ങള് നിര്ബന്ധിതരാകുന്നു. ഇത് കളിക്കാരെ മാത്രമല്ല, അവരുടെ നിരപരാധികളായ കുട്ടികളെയും ബാധിക്കുകയും അവരുടേതല്ലാത്ത തെറ്റിന് ചോദ്യങ്ങളും നാണക്കേടും നേരിടേണ്ടിവരികയും ചെയ്യുന്നുവെന്നും അവർ കൂട്ടിച്ചേർത്തു
2008 ഐപിഎല്ലിന്റെ ഉദ്ഘാടന സീസണില് മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില് കിങ്സ് ഇലവന് പഞ്ചാബും മുംബൈ ഇന്ത്യന്സും തമ്മിലുള്ള മത്സരത്തിനിടെ ആയിരുന്നു സംഭവം. മല്സരത്തില് ശ്രീശാന്തിന്റെ ടീം കിങ്സ് ഇലവന് വിജയിച്ചിരുന്നു. കളിക്ക് ശേഷമുള്ള ഹസ്തദാന ചടങ്ങിനിടെ മുംബൈയുടെ താല്ക്കാലിക നായകന് ഹര്ഭജന് ശ്രീശാന്തിന്റെ മുഖത്ത് അടിക്കുകയായിരുന്നു. ശ്രീശാന്ത് കരയുന്ന ദൃശ്യങ്ങള് അന്ന് പുറത്തുവന്നെങ്കിലും തല്ലുന്നതിന്റെയും തുടര്ന്നുള്ള വഴക്കിന്റെയും വീഡിയോ ആദ്യമായാണ് പുറത്തുവരുന്നത്.
കഴിഞ്ഞ ദിവസം ബിയോണ്ട് 23 പോഡ്കാസ്റ്റില് ക്ലാര്ക്കുമായി നടത്തിയ ആശയവിനിമയത്തിനിടെയാണ് ലളിത് മോദി സംഭവത്തിന്റെ വീഡിയോ പുറത്തുവിട്ടത്. ഇത്രയും കാലം രഹസ്യമായി സൂക്ഷിക്കുകയായിരുന്നുവെന്ന് പറഞ്ഞാണ് ഇരുവരും ദൃശ്യങ്ങള് പരസ്യമാക്കിയത്.
അച്ചടക്ക നടപടിയുടെ ഭാഗമായി തുടര്ന്നുള്ള ഐപിഎല് മാച്ചുകളില് നിന്ന് ഹര്ഭജനെ വിലക്കിയിരുന്നു. ഇന്ത്യന് ടീം അംഗങ്ങളായിരുന്ന ശ്രീശാന്തും ഹര്ഭജനും പിന്നീട് നല്ല സുഹൃത്തുക്കളായി.
Content Highlights:S Sreesanth's Wife Slams For Releasing Slapgate Video