ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞ് രാഹുൽ ദ്രാവിഡ്. പുതിയ ഐപിഎൽ സീസണിന് മുന്നോടിയായാണ് ഫ്രാഞ്ചൈസിയിൽ നാടകീയ നീക്കങ്ങൾ നടക്കുന്നത്. രാജസ്ഥാൻ റോയൽസ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
റോയൽസിന്റെ യാത്രയിൽ രാഹുൽ ദ്രാവിഡ് നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് ടീം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിൽ കുറിച്ചു. ഫ്രാഞ്ചൈസി വിപുലീകരണത്തിന്റെ ഭാഗമായി കുറച്ചുകൂടി വലിയ ചുമതല ദ്രാവിഡിന് ‘ഓഫർ’ ചെയ്തെങ്കിലും ഇന്ത്യൻ ടീമിന്റെ മുൻ പരിശീലകൻ അതു സ്വീകരിച്ചില്ലെന്ന് രാജസ്ഥാൻ റോയല്സ് വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
Official Statement pic.twitter.com/qyHYVLVewz
അടുത്ത ഐപിഎൽ സീസണിന് മുന്നോടിയായി രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസൺ ടീം വിടുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കോച്ച് രാഹുൽ ദ്രാവിഡിന്റെയും അപ്രതീക്ഷിതമായ പടിയിറക്കമെന്നതാണ് ശ്രദ്ധേയം. അടുത്ത ഐപിഎൽ സീസണിൽ പുതിയൊരു കോച്ചിന് കീഴിലായിരിക്കും രാജസ്ഥാൻ റോയൽസ് ടീം കളിക്കളത്തിലിറങ്ങുക.
കഴിഞ്ഞ വർഷം ഇന്ത്യൻ ടീമിനെ ട്വന്റി 20 ലോകകപ്പ് നേട്ടത്തിലേക്ക് നയിച്ചതിന് ശേഷം ഇന്ത്യൻ ടീമിന്റെ മുഖ്യ പരീശിലക സ്ഥാനം ഒഴിഞ്ഞാണ് ദ്രാവിഡ് രാജസ്ഥാൻ റോയൽസിന്റെ ഹെഡ് കോച്ചായി സ്ഥാനം ഏറ്റെടുത്തത്. ട്രാവിഡിന്റെ കീഴിൽ ടീം മോശം പ്രകടനമാണ് കാഴ്ചവെച്ചത്. 14 മത്സരങ്ങളിൽ നാലു മത്സരം മാത്രം ജയിച്ച രാജസ്ഥാൻ ചെന്നൈ സൂപ്പർ കിംഗ്സിന് തൊട്ടു മുമ്പിൽ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. നേരത്തെ 2012, 2013 ഐപിഎൽ സീസണുകളിൽ രാജസ്ഥാനെ നയിച്ചിരുന്ന ദ്രാവിഡ് തുടർന്നുള്ള രണ്ട് സീസണുകളിൽ ടീമിന്റെ മെന്ററുടെ റോളിലും എത്തിയിരുന്നു.
Content Highlights: Rajasthan Royals coach Rahul Dravid steps down ahead of 2026 season