'സഞ്ജു രോഹിത്തിനെപ്പോലെ, ഭാവിയില്‍ ഇന്ത്യയുടെ ക്യാപ്റ്റനായേക്കാം'; വാനോളം പുകഴ്ത്തി മുന്‍ സെലക്ടര്‍

രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജു മികച്ച പ്രകടനമാണ് ഇന്ത്യൻ ജേഴ്സിയിലും കാഴ്ചവെക്കുന്നതെന്നാണ് മുൻ സെലക്ടർ വിലയിരുത്തുന്നത്

ഏഷ്യാ കപ്പിന് മുൻപായി മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ താരവും സെലക്ടറുമായ കിരൺ മോറെ. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടി20 താരമാണ് സഞ്ജുവെന്നാണ് കിരൺ അഭിപ്രായപ്പെട്ടത്. ടി20യിൽ നിലവിൽ ഇന്ത്യയുടെ ഏറ്റവും പ്രതിഭാശാലിയായ ബാറ്റ്സ്മാൻമാരിലൊരാളാണ് സഞ്ജു. താരത്തിന്റെ ബാറ്റിങ് വളരെ ആസ്വാദ്യകരമാണെന്നും അനായാസം വലിയ ഷോട്ടുകൾ കളിക്കാൻ അവന് ശേഷിയുണ്ടെന്നും കിരൺ മോറെ അഭിപ്രായപ്പെട്ടു. സഞ്ജുവിന്റെ കരിയർ അവിശ്വസനീയമാണെന്നും രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജു മികച്ച പ്രകടനമാണ് ഇന്ത്യൻ ജേഴ്സിയിലും കാഴ്ചവെക്കുന്നതെന്നാണ് മുൻ സെലക്ടർ വിലയിരുത്തുന്നത്.

സഞ്ജു സാംസണെ രോഹിത് ശര്‍മയുടെ ബാറ്റിങ് മികവിനോടാണ് മോറെ ഉപമിച്ചത്. ''നല്ല ടൈമിംഗുള്ള ബാറ്ററാണ് സഞ്ജു. രോഹിത് ശര്‍മയുടെ ബാറ്റിങ്ങിനുള്ള ഒരു ക്ലാസ് സഞ്ജുവിനുണ്ട്. സഞ്ജുവിന്റെ ബാറ്റിംഗ് അത്രത്തോളം ആസ്വാദ്യകരമാണ്. ഭാവിയില്‍ ചിലപ്പോള്‍ സഞ്ജു ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടി ആയേക്കാം.'' മോറെ കൂട്ടിചേര്‍ത്തു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഒഫീഷ്യൽ പേജിൽ സംസാരിക്കവെയാണ് സഞ്ജുവിന്റെ മികവിനെ കിരൺ മോറെ പ്രശംസിച്ചത്.

അതേസമയം ഏഷ്യാ കപ്പിൽ സഞ്ജു സാംസണിന്റെ പ്രകടനം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ വിക്കറ്റ് കീപ്പറായും ഓപ്പണറായും സഞ്ജു സാംസൺ ഉണ്ടാവുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ശുഭ്മാൻ ഗിൽ ടി20 ടീമിലേക്ക് തിരിച്ചെത്തിയതോടെയാണ് സഞ്ജുവിന്റെ പ്ലേയിങ് 11 ലെ സ്ഥാനം ചോദ്യമുയർത്തുന്നത്.

Content Highlights: Kiran More hails Sanju Samson ahead of Asia Cup 2025

To advertise here,contact us