'കോഹ്‌ലി ആ പന്തിൽ ബുദ്ധിമുട്ടി, ധോണി പക്ഷെ അത് ഡീകോഡ് ചെയ്തു'; തുറന്ന് സമ്മതിച്ച് മുൻ ന്യൂസിലാൻഡ് പേസർ

ധോണി തന്റെ തന്ത്രങ്ങൾ ഡീകോഡ് ചെയ്തതായി അദ്ദേഹം തുറന്നു സമ്മതിച്ചു.

മഹേന്ദ്ര സിങ് ധോണിയുമായും വിരാട് കോഹ്‌ലിയുമായുള്ള തന്റെ കരിയറിലെ നിർണായക നിമിഷങ്ങൾ ഓർത്തെടുത്ത് മുൻ ന്യൂസിലൻഡ് പേസർ നീൽ വാഗ്നർ. 2014 ലെ ഇന്ത്യയ്‌ക്കെതിരായ ഓക്ക്‌ലാൻഡ് ടെസ്റ്റിനെക്കുറിച്ച് വാചാലനായ വാഗ്നർ ഷോർട്ട് ബോളിലെ വിരാട് കോഹ്‌ലിയുടെ ആദ്യകാലത്തെ ബുദ്ധിമുട്ടുകൾ തുറന്നുകാട്ടി. പക്ഷേ എം‌എസ് ധോണി തന്റെ തന്ത്രങ്ങൾ ഡീകോഡ് ചെയ്തതായി സമ്മതിച്ചു.

റെഡ് ഇങ്കർ ക്രിക്കറ്റ് പോഡ്‌കാസ്റ്റിൽ സംസാരിക്കവെ, നിലവിൽ39 വയസ്സുള്ള വാഗ്നർ ഓക്ക്‌ലാൻഡ് ടെസ്റ്റിൽ താൻ എങ്ങനെ കോഹ്‌ലിയെ അസ്വസ്ഥനാക്കിയതെന്ന് വിശദീകരിച്ചു. 'ഈ ടെസ്റ്റ് മത്സരത്തിൽ വിക്കറ്റ് വളരെ ഫ്ലാറ്റ് ആയിരുന്നു. പക്ഷേ കുറച്ച് പേസും ബൗൺസും ഉണ്ടായിരുന്നു. കോഹ്‌ലിക്കെതിരെ ഷോർട് ബോൾ എറിയുകയായിരുന്നു തന്ത്രം, അദ്ദേഹം അത് കളിക്കണോ വെറുതെ വിടണോ എന്ന സംശയതിൽ നിന്നു. ഒടുവിൽ അങ്ങനെയൊരു പന്തിൽ ബാറ്റ് വെച്ച് പുറത്തടവുകയും ചെയ്‌തെന്നും വാഗ്നർ പറഞ്ഞു. എന്നാൽ ധോണി അത്തരം തന്ത്രങ്ങളെ ബോധപൂർവം ചെറുത്തുനിന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സരത്തിൽ പക്ഷെ ന്യൂസിലാൻഡ് തന്നെയാണ് വിജയിച്ചത്. ന്യൂസിലാൻഡ് ഒന്നാം ഇന്നിങ്സിൽ 503 റൺസാണ് അടിച്ചുകൂട്ടിയത്. രണ്ടാം ഇന്നിങ്സിൽ പക്ഷെ 105 റൺസിന് പുറത്തായി. ഇന്ത്യയുടെ മറുപടി 202 , 366 എന്നിങ്ങനെ അവസാനിച്ചു. 40 റൺസിനായിരുന്നു കിവികളുടെ ജയം.

Content Highlights:Virat Kohli looked unsettled but MS Dhoni solved it Ex-NZ pacer

To advertise here,contact us