നോമ്പുകാലത്ത് ചാമ്പ്യൻസ് ട്രോഫിക്കിടെ വെള്ളം കുടിച്ച സംഭവം; പ്രതികരണവുമായി മുഹമ്മദ് ഷമി

മാസങ്ങൾക്ക് ശേഷം ഇപ്പോൾ ആ വിവാദങ്ങളോട് പ്രതികരിക്കുകയാണ് വെറ്ററൻ പേസർ.

ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ മാച്ചിനിടെയുണ്ടായ വിമർശനത്തിൽ പ്രതികരണവുമായി ഇന്ത്യൻ പേസര്‍ മുഹമ്മദ് ഷമി. റമദാന്‍ സമയമായ അന്ന് നോമ്പെടുക്കാതെ താരം എനര്‍ജി ഡ്രിങ്ക് കുടിച്ച സംഭവത്തിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ താരം അന്ന് അതിനോട് പ്രതികരിച്ചിരുന്നില്ല. എന്നാൽ മാസങ്ങൾക്ക് ശേഷം ഇപ്പോൾ ആ വിവാദങ്ങളോട് പ്രതികരിക്കുകയാണ് വെറ്ററൻ പേസർ.

വിശുദ്ധഗ്രന്ഥമായ ഖുർആനിൽ പോലും ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ നോമ്പെടുക്കാതിരിക്കാന്‍ വിശ്വാസികളെ അനുവദിച്ചിട്ടുണ്ടെന്ന് മുഹമ്മദ് ഷമി പറഞ്ഞു. രാജ്യത്തിനുവേണ്ടി എത്ര മികച്ച പ്രകടനം നടത്തിയാലും പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ താന്‍ പരിഹാസങ്ങള്‍ക്കും വെറുപ്പിനും ഇരയാകാറുണ്ടെന്നും ഷമി വ്യക്തമാക്കി. സമൂഹമാധ്യമങ്ങളില്‍ വരുന്ന ട്രോളുകളും കമന്‍റുകളുമൊന്നും താനിപ്പോള്‍ ശ്രദ്ധിക്കാറില്ലെന്നും ഷമി പറഞ്ഞു.

ചാമ്പ്യൻസ് ട്രോഫിയിലെ ഓസീസിനെതിരെയുള്ള സെമി ഫൈനല്‍ മത്സരത്തിനിടെയാണ് വിവാദത്തിനാധാരമായ സംഭവം നടക്കുന്നത്. പന്തെറിഞ്ഞശേഷം ബൗണ്ടറിക്കരികില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഷമി എനര്‍ജി ഡ്രിങ്ക് കുടിച്ചത് സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിന് കാരണമായി. അതേ സമയം രാജ്യത്തിന് വേണ്ടി കളിക്കുന്നതിന് മുന്‍ഗണന നല്‍കിയ ഷമിയെ പിന്തുണച്ചും അന്ന് ആരാധകര്‍ രംഗത്തുവന്നിരുന്നു.

Content Highlights: Mohammed Shami reacts to incident of drinking water during Champions Trophy during fasting

To advertise here,contact us