കെസിഎല്ലിൽ തൃശൂർ ടൈറ്റൻസിനെതിരെ ട്രിവാൺഡ്രം റോയൽസിന് 223 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത തൃശൂർ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 222 റൺസെടുത്തത്. ഓപ്പണർ അഹ്മദ് ഇമ്രാന്റെയും അക്ഷയ് മനോഹറിന്റെയും ഉജ്ജ്വല ഇന്നിങ്സുകളാണ് തൃശൂരിനെ കൂറ്റൻ സ്കോറിൽ എത്തിച്ചത്.
തൃശൂരിന്റെ ആരാധകർക്കായി വീണ്ടുമൊരു ബാറ്റിങ് വെടിക്കെട്ടിന്റെ പൂരമൊരുക്കുകയായിരുന്നു അഹ്മദ് ഇമ്രാൻ. അവിസ്മരണീയമായൊരു ഇന്നിങ്സായിരുന്നു റോയൽസിനെതിരെ അഹ്മദ് ഇമ്രാന്റേത്. ആദ്യ ഓവറിലെ അവസാന മൂന്ന് പന്തുകളും അതിർത്തി കടത്തിയാണ് ഇമ്രാൻ തന്റെ കൂറ്റനടികൾക്ക് തുടക്കമിട്ടത്. അടുത്ത ഓവറിലെയും അവസാന മൂന്ന് പന്തുകളിൽ ഇമ്രാൻ തുടരെ ബൌണ്ടറികൾ നേടി.
വിക്കറ്റിന്റെ ഇരു വശങ്ങളിലേക്കും അനായാസം ഷോട്ടുകൾ പായിച്ച ഇമ്രാൻ അതിവേഗം ഇന്നിങ്സ് മുന്നോട്ട് നീക്കി. 23 പന്തുകളിലാണ് ഇമ്രാൻ അൻപത് തികച്ചത്. മറുവശത്ത് 32 റൺസെടുത്ത ആനന്ദ് കൃഷ്ണൻ ഇമ്രാന് മികച്ച പിന്തുണ നല്കി. ഇരുവരും ചേർന്നുള്ള 99 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടിന് അവസാനമിട്ടത് എം നിഖിലാണ്. പത്താം ഓവറിലെ അഞ്ചാം പന്തിൽ ആനന്ദ് കൃഷ്ണനെ ക്ലീൻ ബൌൾഡാക്കിയ നിഖിൽ തൊട്ടടുത്ത പന്തിൽ വിഷ്ണു മേനോനെയും മടക്കി.
എന്നാൽ നിഖിലിന്റെ അടുത്ത ഓവറിൽ തുടരെ മൂന്ന് പന്തുകൾ അതിർത്തി കടത്തിയായിരുന്നു ഇമ്രാന്റെ മറുപടി. ബൌളർമാർ തോറ്റു മടങ്ങിയ പോരാട്ടത്തിൽ നിർഭാഗ്യമായിരുന്നു ഒടുവിൽ ഇമ്രാന്റെ ഇന്നിങ്സിന് അവസാനമിട്ടത്. അബ്ദുൾ ബാസിദ് എറിഞ്ഞ പന്ത് വിക്കറ്റ് കീപ്പറുടെ കൈകളിൽ നിന്ന് വഴുതി ബെയ്ലുകൾ തെറിപ്പിക്കുമ്പോൾ ഇമ്രാന്റെ കാലുകൾ ക്രീസിന് വെളിയിലായിരുന്നു. മൂന്നാം അമ്പയർ ഔട്ട് വിധിക്കുമ്പോൾ 49 പന്തുകളിൽ 13 ഫോറും നാല് സിക്സുമടക്കം 98 റൺസായിരുന്നു ഇമ്രാന്റെ സമ്പാദ്യം. തുടർന്നെത്തിയ അക്ഷയ് മനോഹർ അതേ വേഗത്തിൽ തകർത്തടിച്ചതോടെയാണ് തൃശൂരിന്റെ സ്കോർ 200 കടന്ന് മുന്നേറിയത്. വെറും 20 പന്തുകളിലായിരുന്നു അക്ഷയ് അർദ്ധശതകം പൂർത്തിയാക്കിയത്. 22 പന്തുകളിൽ ഏഴ് സിക്സടക്കം 54 റൺസുമായി അക്ഷയ് പുറത്താകാതെ നിന്നു. 20 പന്തുകളിൽ നിന്നും 31 റൺസുമായി ഷോൺ റോജറും മികച്ച രീതിയിൽ ബാറ്റ് വീശി.
Content Highlights- Trivandrum needs 223 to win against thrissur in KCl