ഏഷ്യാ കപ്പ് ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. അടുത്ത മാസം ഒമ്പതിന് യുഎഇയില് തുടങ്ങുന്ന ടൂർണമെന്റിലെ ഏറെ ആവേശത്തോടെ ആളുകൾ കാത്തിരിക്കുന്ന മത്സരം 14 ന് നടക്കുന്ന ഇന്ത്യ-പാക് പോരാട്ടമാണ്.
അതേ സമയം ഇന്ത്യ പാക് പോരാട്ടത്തിലെ ഇന്ത്യയുടെ വീക്ക് പോയിന്റ് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന് പാക് താരം ബാസിത് ഖാൻ. ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പിലെ സുപ്രധാന ശക്തിയെന്ന് പറയപ്പെടുന്ന ക്യാപ്റ്റൻ സൂര്യകുമാര് യാദവ് ഒരിക്കലും പാകിസ്താനെതിരെ തിളങ്ങിയിട്ടില്ലെന്ന് കണക്കുകള് നിരത്തി അദ്ദേഹം വിശദമാക്കി.
സ്പിന്നിനെയും പേസിനെയും ഒരുപോലെ നേരിടുന്ന 360 ഡിഗ്രി കളിക്കാരനായ സൂര്യകുമാറിന് പക്ഷെ പാകിസ്താനെതിരെ മാത്രം എന്തോ പ്രശ്നമുണ്ടെന്ന് ബാസിത് ഖാന് പറഞ്ഞു.
ലോകത്തിലെ എല്ലാ ടീമുകള്ക്കെതിരെയും സൂര്യകുമാര് റണ്സടിച്ചിട്ടുണ്ട്. പക്ഷെ പാകിസ്താനെതിരെ മാത്രം സൂര്യകുമാറിന് കാര്യമായി സ്കോര് ചെയ്യാനായിട്ടില്ലെന്നും പാകിസ്താൻ പേസ് നിരയുടെ മികവോ മറ്റെന്തെങ്കിലും കാരണങ്ങളോ ആകാം ഇതിന് പിന്നിലെന്നും ബാസിത് ഖാന് പറഞ്ഞു.
പാകിസ്താനെതിരെ ഇതുവരെ അഞ്ച് മത്സരങ്ങളിലാണ് സൂര്യകുമാര് യാദവ് കളിച്ചത്. അഞ്ച് കളികളില് നിന്ന് 12.80 ശരാശരിയിലും 118.51 സ്ട്രൈക്ക് റേറ്റിലും 64 റണ്സ് മാത്രമാണ് സൂര്യനേടിയത്. ഉയര്ന്ന സ്കോറാകട്ടെ 18 റണ്സ് മാത്രമാണ്. ഏഷ്യാ കപ്പില് കളിച്ച രണ്ട് മത്സരങ്ങളിലാകട്ടെ 110.71 സ്ട്രൈക്ക് റേറ്റില് 31 റണ്സ് മാത്രമാണ് സൂര്യകുമാര് പാകിസ്താനെതിരെ നേടിയത്.
Content Highlights: suryakumar yadav against pakistan