കെ സി എല്ലിൽ വീണ്ടും വെടിക്കെട്ട് പ്രകടനവുമായി സഞ്ജു സാംസൺ. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ താരം ഇന്നത്തെ മത്സരത്തിൽ 46 പന്തിൽ ഒമ്പത് സിക്സറും നാല് ഫോറുകളും അടക്കം 89 റൺസ് നേടി. ഇതോടെ നാല് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ടൂർണമെന്റ് റൺ വേട്ടയിൽ മുന്നിലായി.
ആദ്യ മത്സരത്തിൽ മധ്യനിരയിൽ ബാറ്റ് ചെയ്യാൻ തീരുമാനിച്ച സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. രണ്ടാം മത്സരത്തിലും മധ്യനിരയിൽ തിളങ്ങാനുമായിരുന്നില്ല. തുടർന്ന് ഓപ്പണിങ് സ്ലോട്ടിലെത്തിയ താരം മിന്നും പ്രകടനം തുടരുകയായിരുന്നു.
ഇതോടെ ഏഷ്യ കപ്പ് ഇലവനിൽ ശക്തമായ അവകാശ വാദം ഉന്നയിക്കാനും സഞ്ജുവിനായി. 15 അംഗ ടീമിലിടം നേടിയെങ്കിലും സഞ്ജു ആദ്യ ഇലവനിലുണ്ടാകുമോ എന്നതിൽ ഉറപ്പിലായിരുന്നു. വൈസ് ക്യാപ്റ്റനായി ശുഭ്മാൻ ഗിൽ തിരിച്ചെത്തിയതോടെ താരത്തിന് ഓപ്പണിങ് സ്ലോട്ട് കിട്ടുമോ എന്ന ആശങ്കകളുമുണ്ടായിരുന്നു.
ടീം പ്രഖ്യാപിക്കുന്ന സമയത്ത് വിക്കറ്റ് കീപ്പറായി ആദ്യം അജിത് അഗാർക്കർ പ്രഖ്യാപിച്ചത് ജിതേഷ് ശർമയെ ആയിരുന്നു. അതിനിടയിൽ സഞ്ജു ഇലവനിലുണ്ടാകില്ലെന്ന വാദവുമായി അജിങ്ക്യാ രഹാനെയും രംഗത്ത് വന്നിരുന്നു. എന്നാൽ ഇതിനെല്ലാമുള്ള മറുപടിയാണ് കഴിഞ്ഞ രണ്ട് ഇന്നിങ്സിലൂടെ സഞ്ജു നൽകിയത്.
Content Highlights-Sanju becomes top scorer in KCL; strong claim to Asia Cup XI