'കളിക്കളത്തില്‍ എതിരാളികളെ ശത്രുക്കളായി കാണണം'; കോഹ്‌ലിയുടെ 'അഗ്രഷന്‍ മന്ത്ര'യെ കുറിച്ച് സിറാജ്

ഇത്രയും അ​ഗ്രസീവായി ക്രിക്കറ്റ് കളിക്കാന്‍ തന്നെ പ്രചോദിപ്പിച്ചത് കോഹ്‌ലിയാണെന്ന് സിറാജ് പറയുന്നു

ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന്റെ ക്രിക്കറ്റ് കരിയറിൽ ഏറെ സ്വാധീനം ചെലുത്തിയ താരമാണ് വിരാട് കോഹ്‌ലി. കോഹ്‌ലിയുടെ ക്യാപ്റ്റൻസിയിലാണ് സിറാജ് മികച്ച താരമായി വളർന്നത്. ഇപ്പോഴിതാ കോഹ്‌ലിയില്‍ നിന്ന് തനിക്ക് ലഭിച്ച പിന്തുണയെ കുറിച്ചും ഉപദേശങ്ങളെ കുറിച്ചും തുറന്നുപറയുകയാണ് സിറാജ്.

കോഹ്‌ലിയിൽ നിന്നും ഒരുപാട് കാര്യങ്ങൾ താൻ പഠിച്ചുവെന്നും കളിക്കളത്തിലെ കോഹ്‌ലിയുടെ പോരാട്ട സമീപനം തന്റെ ക്രിക്കറ്റ് കരിയറിൽ ഒരുപാട് മാറ്റങ്ങളുണ്ടാക്കിയെന്നുമാണ് സിറാജ് പറഞ്ഞത്. ഇത്രയും അ​ഗ്രസീവായി ക്രിക്കറ്റ് കളിക്കാന്‍ തന്നെ പ്രചോദിപ്പിച്ചത് കോഹ്‌ലിയാണെന്ന് സിറാജ് പറയുന്നു. ഗ്രൗണ്ടില്‍ നില്‍ക്കുമ്പോള്‍ എതിര്‍ ടീം ശത്രുക്കള്‍ ആണെന്നും കളി കഴിഞ്ഞാല്‍ എല്ലാവരും സുഹൃത്തുക്കളാണെന്നും കോലി തന്നോടു പറഞ്ഞിട്ടുള്ളതായി സിറാജ് വെളിപ്പെടുത്തി.

'പോരാട്ടവീര്യത്തോടെ മത്സരത്തെ സമീപിക്കുകയെന്നത് വിരാട് കോഹ്‌ലിയില്‍ നിന്നാണ് ഞാന്‍ പഠിച്ചത്. കളിക്കളത്തില്‍ ആയിരിക്കുമ്പോള്‍ എതിരാളികള്‍ നമ്മുടെ ശത്രുക്കളാണ്. കളി കഴിഞ്ഞാല്‍ നമ്മളെല്ലാവരും സുഹൃത്തുക്കളും. ഈ കാര്യമാണ് അദ്ദേഹത്തിൽ എനിക്ക് ഇഷ്ടം.' റെവ്‌സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ സിറാജ് തുറന്നുപറഞ്ഞു.

Mohammed Siraj heaps praise on Virat Kohli's fighting approach #MohammedSiraj #ViratKohli #KingKohli #IndianCricketTeam #IndianCricketer #RCB #Cricket #SBM pic.twitter.com/GGpqw4N0Zf

'എന്റെ ബൗളിങ്ങിലൂടെ ഇത് ഞാൻ ചെയ്യാൻ ശ്രമിക്കും. ഗ്രൗണ്ടിൽ ഞാൻ അ​ഗ്രസീവ് സമീപനം കാണിച്ചില്ലെങ്കിൽ എനിക്ക് നന്നായി പന്തെറിയാൻ സാധിക്കില്ല. ആർസിബിയിൽ വിരാട് കോഹ്‌ലിക്കൊപ്പം ഞാൻ ഉണ്ടായിരുന്നു. അദ്ദേഹവുമായി എനിക്ക് നല്ല ബന്ധമുണ്ട്. ഫാസ്റ്റ് ബൗളർമാർക്ക് കളിക്കളത്തിൽ അ​ഗ്രസീവ്നസ് ഉണ്ടായിരിക്കണം. ബോളർമാരെക്കാൾ കൂടുതൽ വിരാടാണ് ഫീൽഡിൽ ആക്രമണോത്സുകത കാണിക്കാറുള്ളത്', സിറാജ് പറഞ്ഞു.

'ഓവല്‍ ടെസ്റ്റിന്റെ നാലാം ദിനം ജോ റൂട്ടിന്റെയും ഹാരി ബ്രൂക്കിന്റെയും കരുത്തുറ്റ കൂട്ടുകെട്ടിലൂടെ ഇംഗ്ലണ്ട് പിടിമുറുക്കിയ ഒരു ഘട്ടമുണ്ടായിരുന്നു. ഈ സമയത്താണ് നമ്മള്‍ തീവ്രതയോടെ പോരാടേണ്ടത്. നമ്മുടെ നിയന്ത്രണങ്ങളില്‍ നിന്ന് കളി കൈവിട്ടുപോകുന്ന അവസ്ഥയുണ്ടാകരുത്, തല കുനിക്കാനും പാടില്ല. വിരാടിൽ നിന്നുമാണ് കാണികളുടെ പിന്തുണ സ്വീകരിക്കാൻ ഞാൻ പഠിച്ചത്. ഒരു ബോളറെ സംബന്ധിച്ചിടത്തോളം കാണികളിൽ നിന്നും ലഭിക്കുന്ന പിന്തുണ വലിയ മാറ്റങ്ങളുണ്ടാക്കാം', മുഹമ്മദ് സിറാജ് കൂട്ടിച്ചേർത്തു.

Content Highlights: 'Opponent is our enemy on field': Mohammed Siraj recalls Virat Kohli's mantra for aggression

To advertise here,contact us