ഗംഭീർ ‘ബ്രോങ്കോ ടെസ്റ്റ്’ കൊണ്ടുവന്നത് രോഹിത്തിനെ പുറത്താക്കാൻ; ആരോപണവുമായി മനോജ് തിവാരി

2027ലെ ഏകദിന ലോകകപ്പിൽ രോഹിത് ശർമയെ കളിപ്പിക്കാതിരിക്കുകയാണ് പരിശീലകൻ ഗൗതം ഗംഭീറിന്റെ ലക്ഷ്യമെന്നും തിവാരി ആരോപിച്ചു.

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ ടീമിൽനിന്നു പുറത്താക്കുന്നതിന് വേണ്ടിയാണ് ബിസിസിഐ ‘ബ്രോങ്കോ ടെസ്റ്റ്’ നടപ്പാക്കുന്നതെന്നാണ് മുൻ ഇന്ത്യൻ താരം മനോജ് തിവാരി. 2027ലെ ഏകദിന ലോകകപ്പിൽ രോഹിത് ശർമയെ കളിപ്പിക്കാതിരിക്കുകയാണ് പരിശീലകൻ ഗൗതം ഗംഭീറിന്റെ ലക്ഷ്യമെന്നും തിവാരി ആരോപിച്ചു.

‘വിരാട് കോലിയെ 2027 ലോകകപ്പ് ടീമിൽനിന്നു പുറത്താക്കുകയെന്നത് അത്ര എളുപ്പമല്ല. പക്ഷേ രോഹിത് ശർമയുടെ കാര്യം അങ്ങനെയല്ല. ഇന്ത്യൻ ടീമില്‍ സംഭവിക്കുന്ന കാര്യങ്ങൾ ഞാൻ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുൻപ് ബ്രോങ്കോ ടെസ്റ്റ് അവർ കൊണ്ടുവന്നു. രോഹിത് ശർമയെ പോലുള്ള താരങ്ങളെ മാറ്റിനിർത്തുക ലക്ഷ്യമിട്ടാണ് ഇത്', തിവാരി ഒരു സ്പോർട്സ് മാധ്യമത്തോട് പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്നസ് മെച്ചപ്പെടുത്തുക ലക്ഷ്യമിട്ട് അടുത്തിടെയാണ് ബിസിസിഐ ‘ബ്രോങ്കോ ടെസ്റ്റ്’ കൊണ്ടുവന്നത്. റഗ്ബി താരങ്ങള്‍ക്ക് നടത്തുന്ന ശാരീരികക്ഷമതാ നിലവാര ടെസ്റ്റാണ് ബ്രോങ്കോ ടെസ്റ്റ്.

ജൂണില്‍ പുതുതായി നിയമിതനായ സ്ട്രെങ്ത്ത് ആന്‍ഡ് കണ്ടീഷണിംഗ് കോച്ച് അഡ്രിയാന്‍ ലെ റൗക്സിന്‍റെ കൂടെ നിര്‍ദേശമനുസരിച്ചാണ് കോച്ച് ഗൗതം ഗംഭീര്‍ പുതിയ പരീക്ഷണം കൊണ്ടുവരുന്നത്.

നേരത്തെ ഇന്ത്യൻ താരങ്ങൾക്ക് ശാരീരികക്ഷമത തെളിയിക്കാന്‍ യോയോ ടെസ്റ്റ് മാത്രമാണുണ്ടായിരുന്നത്. പരമ്പരാഗതമായി റഗ്ബി താരങ്ങളുടെ ശാരീരികക്ഷമത അളക്കാനാണ് ബ്രോങ്കോ ടെസ്റ്റ് നടത്താറുള്ളത്.

തുടര്‍ച്ചയായി 20, 40, 60 മീറ്റര്‍ ദൂരത്തേക്ക് അങ്ങോട്ടും ഇങ്ങോട്ടും ഓടി നിര്‍ത്താതെ 1200 മീറ്റര്‍ ദൂരം ഓടി പൂര്‍ത്തിയാക്കുക എന്നതാണ് ബ്രോങ്കോ ടെസ്റ്റില്‍ ചെയ്യുന്നത്. ആറ് മിനിറ്റിനുള്ളില്‍ ഇത്രയും ദൂരം ഓടി പൂര്‍ത്തിയാക്കണം. ഇന്ത്യൻ ടീമിലുള്ള ചില താരങ്ങള്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ബ്രോങ്കോ ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.

വരാനിരിക്കുന്ന പരമ്പരകളിലും ബ്രോങ്കോ ടെസ്റ്റ് ഇന്ത്യൻ താരങ്ങളുടെ പ്രത്യേകിച്ച് പേസ് ബൗളര്‍മാരുടെ ശാരീരികക്ഷമത നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡമാകുമെന്നാണ് കരുതുന്നത്. ടെസ്റ്റ്, ഏകദിന ടീമിലുള്ള താരങ്ങള്‍ക്കായിരിക്കും പ്രധാനമായും ബ്രോങ്കോ ടെസ്റ്റുണ്ടാകുക എന്നാണ് കരുതുന്നത്.

Content Highlights: BCCI's Bronco Test An Attempt To Remove Rohit Sharma From ODI Team

To advertise here,contact us