വീണ്ടും വിഷ്ണു വിനോദിന്റെ വെടിക്കെട്ട്; കെസിഎല്ലില്‍ തൃശൂരിന് ആദ്യപരാജയം സമ്മാനിച്ച് കൊല്ലം

തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ വിജയം സ്വന്തമാക്കിയെത്തിയ തൃശൂരിന്റെ സീസണിലെ ആദ്യ പരാജയമാണിത്

dot image

കേരള ക്രിക്കറ്റ് ലീഗില്‍ തൃശൂര്‍ ടൈറ്റന്‍സിനെതിരെ കൊല്ലം സെയ്‌ലേഴ്‌സിന് വിജയം. തൃശൂര്‍ ടൈറ്റന്‍സിനെ എട്ട് വിക്കറ്റിനാണ് നിലവിലെ ചാംപ്യന്മാരായ കൊല്ലം പരാജയപ്പെടുത്തിയത്. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ വിജയം സ്വന്തമാക്കിയെത്തിയ തൃശൂരിന്റെ സീസണിലെ ആദ്യ പരാജയമാണിത്.

തൃശൂർ ടൈറ്റൻസ് ഉയർത്തിയ 145 റണ്‍സ് വിജയലക്ഷ്യം 14.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് കൊല്ലം വിജയം മറികടന്നത്. ഓപ്പണര്‍ വിഷ്ണു വിനോദ് തുടർച്ചയായ രണ്ടാം മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടി തിളങ്ങി.

38 പന്തില്‍ എട്ട് സിക്‌സും ഏഴ് ഫോറും സഹിതം 86 റണ്‍സാണ് വിഷ്ണു അടിച്ചുകൂട്ടിയത്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 28 പന്തില്‍ 32 റണ്‍സെടുത്തും സജീവന്‍ അഖില്‍ 19 റണ്‍സുമായും പുറത്താകാതെ നിന്നു. അഭിഷേക് നായര്‍ രണ്ട് റണ്‍സുമായി മടങ്ങി.

ആദ്യം ബാറ്റ് ചെയ്ത തൃശൂര്‍ ടൈറ്റന്‍സിനെ 19.5 ഓവറില്‍ 144 റണ്‍സില്‍ കൊല്ലം ഓൾഔട്ടാക്കി. 38 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും സഹിതം 41 റണ്‍സ് കണ്ടെത്തിയ ഓപ്പണര്‍ ആനന്ദ് കൃഷ്ണനാണ് ടൈറ്റന്‍സ് നിരയിൽ മിന്നിയത്. 24 റണ്‍സെടുത്ത അക്ഷയ് മനോഹറും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

കൊല്ലത്തിനായി അജയ്‌ഘോഷ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. താരം 3.5 ഓവറില്‍ 27 റണ്‍സ് വഴങ്ങിയാണ് നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. 4 ഓവറില്‍ 19 റണ്‍സ് വഴങ്ങി അമല്‍ 3 വിക്കറ്റുകള്‍ സ്വന്തമാക്കി. ഷറഫുദ്ദീന്‍ രണ്ടും സജീവന്‍ അഖില്‍ ഒരു വിക്കറ്റും നേടി.

Content Highlights: Kerala Cricket League: Aries Kollam Sailors beat Thrissur Titans by 8 wickets

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us