പരമ്പരയിലെ രണ്ടാം മത്സരത്തിലും വിജയിച്ച് ഓസ്ട്രേലിയക്കെതിരെ പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. 84 റൺസിനാണ് ദക്ഷിണാഫ്രിക്കയുടെ വിജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ദക്ഷിണാഫ്രിക്ക 2-0ത്തിന് സ്വന്തമാക്കി. ആദ്യ മത്സരത്തിലും പ്രോട്ടിസായിരുന്നു വിജയിച്ചത്.
തുടർച്ചയായി മൂന്നാമത്തെ ഏകദിന പരമ്പരയാണ് ഓസ്ട്രേലിയ തോൽക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള തോൽവിക്ക് മുമ്പ് ശ്രീലങ്കക്കെതിരെയും അതിന് മുമ്പ് പാകിസ്ഥാനെതിരെയും ഓസ്ട്രേലിയ പരമ്പര തോറ്റിരുന്നു.
ആറ് വർഷത്തിന് ശേഷമാണ് ഓസീസ് തുടർച്ചയായി മൂന്ന് ഏകദിന പരമ്പര തുടർച്ചയായി തോൽക്കുന്നത്.
മാത്യു ബ്രീറ്റ്സ്കിയുടെ 88 റൺസിന്റെയും ട്രിസ്റ്റാൻ സ്റ്റബ്സിന്റെ 74 റൺസിന്റെയും ബലത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 277 റൺസ് നേടി ഓളൗട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 37.4 ഓവറിൽ 193 റൺസിൽ എല്ലാവരും പുറത്തായി.
8.4 ഓവറിൽ 42 റൺസ് വിട്ടുനൽകി അഞ്ച് വിക്കറ്റുകൾ കൊയ്ത ലുങ്കി എങ്കിടിയാണ് ഓസീസിനെ തകർക്കാൻ ചുക്കാൻ പിടിച്ചത്. നാന്ദ്രെ ബർഗർ, സെനുരൻ മുത്തുസാമി എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. വിയാൻ മൾഡറിനാണ് ശേഷിച്ച ഒരു വിക്കറ്റ്.
87 റൺസുമായി ജോഷ് ഇംഗ്ലിസ് കങ്കാരുക്കൾക്ക് വേണ്ടി പൊരുതി. 35 റൺസെടുത്ത കാമറോൺ ഗ്രീനും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. മറ്റാർക്കും അധികനേരം ക്രീസിൽ നിൽക്കാൻ സാധിച്ചില്ല. അവസാന 5 വിക്കറ്റുകൾ വെറും 18 റൺസിനിടെയാണ് ഓസ്ട്രേലിയക്ക് നഷ്ടമായത്.
നേരത്തെ 78 പന്തിൽ എട്ട് ഫോറും രണ്ട് സിക്സറുമടിച്ചാണ് മാത്യു ബ്രീറ്റ്സികി 88 റൺസ് നേടിയത്. 87 പന്ത് നേരിട്ട് മൂന്ന് ഫോറും ഒരു സിക്സറുമടിച്ചാണ് സ്റ്റബ്സ് 74 റൺസ് സ്വന്തമാക്കിയത്.
ഓസീസിനായി ആദം സാംപ 3 വിക്കറ്റുകൾ വീഴ്ത്തി. സേവ്യർ ബാർട്ലെറ്റ്, നതാൻ എല്ലിസ്, മർനസ് ലാബുഷെയ്ൻ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. ജോഷ് ഹെയ്സൽവുഡ് ഒരു വിക്കറ്റെടുത്തു.
Content Highlights- South Africa win Odi Series against Australia