ഏഷ്യാ കപ്പ് ടീമില് നിന്ന് തഴയപ്പെട്ട സൂപ്പർ താരം ശ്രേയസ് അയ്യരെ രോഹിത് ശര്മയുടെ പിന്ഗാമിയായി ഏകദിന ടീം ക്യാപ്റ്റനായി നിയമിക്കാൻ ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ട്. മൂന്ന് ഫോര്മാറ്റിലുമായി ഒരു ക്യാപ്റ്റൻ എന്ന നിലയിലാണ് മുമ്പ് ഗൗതം ഗംഭീർ താല്പര്യം പ്രകടിപ്പിച്ചിരുന്നത്. എന്നാൽ താരങ്ങൾ ഏറെ പുറത്തുള്ള ഇന്ത്യൻ ക്രിക്കറ്റിൽ എല്ലാവരെയും പരിഗണിക്കാൻ വേണ്ടി ഈ നീക്കം ഒഴിവാക്കാനാണ് ബിസിസിഐ ഇപ്പോൾ ശ്രമിക്കുന്നത്.
അടുത്ത ടി20 ലോകകപ്പില് ഇന്ത്യ ഗില്ലിന് കീഴിലാകുമോ കളിക്കാനറിങ്ങുക എന്ന കാര്യം വ്യക്തമല്ല. ഏഷ്യാ കപ്പ് കഴിഞ്ഞതിനുശേഷമാകും സൂര്യകുമാര് യാദവ് ടി20 നായകനായി തുടരുന്ന കാര്യത്തില് ബിസിസിഐ തീരുമാനമെടുക്കുക. 2027ലെ ഏകദിന ലോകകപ്പില് കളിക്കാന് ആഗ്രഹിക്കുന്ന രോഹിത് ശര്മയാകട്ടെ ഒക്ടോബറില് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലാകും അടുത്ത് കളിക്കാനിറങ്ങുക.
ഓസ്ട്രേലിയയില് നടക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര രോഹിത്തിന്റെ ഏകദിന കരിയറിനെ സംബന്ധിച്ചിടത്തോളവും നിര്ണായകമാണ്. ഈ പരമ്പരയില് മികവ് കാട്ടാനായില്ലെങ്കില് 38കാരനായ രോഹിത്തിന് മേല് വിരമിക്കാനുള്ള സമ്മര്ദ്ദമേറും. 2027 ലോകകപ്പിന് ഇനിയും രണ്ട് വര്ഷം ബാക്കിയുണ്ടെന്നതും രോഹിത്തിന് വെല്ലുവിളിയാണ്. എങ്കിലും ശ്രേയസിനെ ഏകദിന ടീം ക്യാപ്റ്റനാക്കുന്ന കാര്യത്തിൽ രോഹിത്തിന്റെ തീരുമാനം വരുന്നതുവരെ കാത്തിരിക്കാനാണ് ബിസിസിഐ തിരുമാനം.
ഐപിഎല്ലില് കളിക്കാരനായും ക്യാപ്റ്റനായും മികവ് കാട്ടിയിട്ടും, ആഭ്യന്തര ക്രിക്കറ്റിൽ മിന്നിയിട്ടും ശ്രേയസിനെ ഏഷ്യാ കപ്പ് ടീമിലെടുക്കാതിരുന്നതിനെതിരെ വിമര്ശനമുയര്ന്നിരുന്നു. പല മുന് താരങ്ങളും സെലക്ടര്മാരുടെ തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില് കൂടിയാണ് ബിസിസിഐയുടെ നിര്ണായക നീക്കമെന്നാണ് സൂചന.
Content Highlights: Will Shreyas succeed Rohit as ODI captain?