'15 പേരെ മാത്രമെ തിരഞ്ഞെടുക്കാനാകൂ, 11 പേർക്കെ കളിക്കാനാകൂ'; സെലക്ഷൻ വിവാദങ്ങൾ നിർത്തണമെന്ന് ഗവാസ്‌ക്കർ

'ടീം തിരഞ്ഞെടുത്തുകഴിഞ്ഞാല്‍ ആ ടീമിനെ പൂ‍ര്‍ണമായും പിന്തുണയ്ക്കുക'

ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്തതിന് പിന്നാലെ വിമര്‍ശനങ്ങളും പ്രതികരണങ്ങളും തുടരുകയാണ്. പ്രധാനമായും യശസ്വി ജയ്സ്വാള്‍, ശ്രേയസ് അയ്യ‍ര്‍ എന്നിവരുടെ അഭാവമാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. നിരവധി സീസണുകളിലായി ഐപിഎല്ലില്‍ സ്ഥിരതയോടെ ബാറ്റ് വീശുന്ന താരങ്ങളാണ് ജയ്സ്വാളും ശ്രേയസും. മറ്റ് ഫോർമാറ്റിലും മോശമല്ലായിരുന്നു.

ഇപ്പോഴിതാ ഇരുവരെയും ടീമില്‍ ഉള്‍പ്പെടുത്താത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസമായ സുനില്‍ ഗവാസ്ക്ക‍ര്‍. പതിനൊന്ന് പേരെ മാത്രമാണ് ഒരു മത്സരത്തിലേക്ക് തിരിഞ്ഞെടുക്കാൻ സാധിക്കുക. സ്ക്വാഡിലേക്ക് 15 പേരെയും. ആര്‍ക്കെങ്കിലുമൊക്കെ അവസരം നഷ്ടമാകുമെന്നത് ഉറപ്പുള്ള കാര്യമാണ്. ഇന്ത്യൻ ക്രിക്കറ്റില്‍ അങ്ങനെയാണ്. ടീമിലെടുക്കാത്തതും അവരുണ്ടായിരുന്നെങ്കില്‍ എന്നുമൊക്കെ ചര്‍ച്ച ചയ്യേണ്ട കാര്യമില്ല. ഇത് നമ്മുടെ ടീമാണ്, ഗവാസ്ക്ക‍ര്‍ പറഞ്ഞു.

ടീം തിരഞ്ഞെടുക്കുന്നതിന് മുൻപ് നമുക്ക് എല്ലാവര്‍ക്കും അഭിപ്രായങ്ങളുണ്ടായിരുന്നു. പക്ഷേ, ടീം തിരഞ്ഞെടുത്തുകഴിഞ്ഞാല്‍ ആ ടീമിനെ പൂ‍ര്‍ണമായും പിന്തുണയ്ക്കുക. അല്ലാത്തപക്ഷം വിവാദങ്ങള്‍ സൃഷ്ടിക്കപ്പെടും, അത് കളിക്കാര്‍ ആഗ്രഹിക്കുന്ന ഒന്നല്ല, ഗവാസ്ക്കര്‍ കൂട്ടിച്ചേർത്തു.

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം (15 അംഗങ്ങൾ): ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹർദിക്ക് പാണ്ഡ്യ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, റിങ്കു സിങ്, ഹർഷിത് റാണ.

Content Highlights: Sunil Gavaskar on Asia Cup non-selection

To advertise here,contact us