'സഞ്ജു ഏഷ്യ കപ്പ് പ്ലെയിങ് ഇലവനിലുണ്ടാകില്ല'; കാരണം വിശദീകരിച്ച് അശ്വിനും ആകാശ് ചോപ്രയും

ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചതിലൂടെ കൂടുതൽ നഷ്ടമുണ്ടായത് ആ സ്ഥാനത്തുണ്ടായിരുന്ന അക്‌സർ പട്ടേലിനേക്കാൾ സഞ്ജുവിനാണെന്ന് അശ്വിൻ പറഞ്ഞു

ഏഷ്യാ കപ്പിനുള്ള 15 അംഗ ടീമിലെത്തിയെങ്കിലും സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനിലെത്താനുള്ള സാധ്യതയില്ലെന്ന് മുന്‍ ഇന്ത്യൻ താരങ്ങളായ ആര്‍ അശ്വിനും ആകാശ് ചോപ്രയും.

ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചതിലൂടെ കൂടുതൽ നഷ്ടമുണ്ടായത് ആ സ്ഥാനത്തുണ്ടായിരുന്ന അക്‌സർ പട്ടേലിനേക്കാൾ സഞ്ജുവിനാണെന്ന് അശ്വിൻ പറഞ്ഞു. വൈസ് ക്യാപ്റ്റനെന്ന നിലയിൽ ഗിൽ ഏതായാലും കളിക്കും. മിഡിൽ ഓവർ നിലവിൽ ശക്തമായതിനാൽ അവിടെയും സഞ്ജുവിന് സ്ഥാനമുണ്ടാവില്ല. അതുകൊണ്ട് തന്നെ ഫിനിഷർ റോളിൽ ജിതേഷ് ശർമ വിക്കറ്റ് കീപ്പർ ബാറ്ററായി ആദ്യ ഇലവനിലെത്തുമെന്നും അശ്വിൻ പറഞ്ഞു.

ടീമില്‍ സഞ്ജുവിന്‍റെ സ്ഥാനമാണ് ഭീഷണിയിലായതെന്നും അശ്വിന്‍ യുട്യൂബ് ചാനലില്‍ പറഞ്ഞു. സങ്കടകരമായ കാര്യം എന്താണെന്ന് വെച്ചാല്‍, ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയതോടെ പ്ലേയിംഗ് ഇലവനിലെ സഞ്ജുവിന്‍റെ സ്ഥാനമാണ് ത്രിശങ്കുവിലായത്. സഞ്ജു പ്ലേയിംഗ് ഇലവനില്‍ കളിക്കാൻ സാധ്യതയില്ല. ശുഭ്മാന്‍ ഗില്‍ തന്നെ ഓപ്പണറായി ഇറങ്ങുമെന്നാണ് ഞാന്‍ കരുതുന്നത്.

സഞ്ജുവിന് മുന്നേ തന്നെ ജിതേഷ് ശർമയെ പ്രഖ്യാപിച്ചപ്പോൾ തന്നെ സഞ്ജുവിന്റെ സ്ഥാനം തുലാസിലാണെന്ന് വ്യക്തമായതായി ആകാശ് ചോപ്രയും പറഞ്ഞു. നിലവിലെ ഗെയിം പ്ലാനിൽ സഞ്ജു ഇല്ല. നിലവിലുള്ള താരങ്ങളിൽ ആരെങ്കിലും മോശം പ്രകടനം നടത്തിയാൽ മാത്രമെ അദ്ദേഹത്തിന് സാധ്യതയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ ഏഷ്യാ കപ്പിൽ ഇന്ത്യൻ ടീമിന്റെ ഇലവനെ മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ സുനിൽ ഗവാസ്‌കർ പ്രഖ്യാപിച്ചിരുന്നു. വിക്കറ്റ് കീപ്പർ ബാറ്ററായി സഞ്ജു സാംസണെ ഉൾപ്പെടുത്തിയാണ് അദ്ദേഹം ഇലവനെ തിരഞ്ഞെടുത്തത്.

Content Highlights:

To advertise here,contact us