'ബഹുമാനം ലഭിക്കുന്നില്ലെങ്കിൽ രോഹിതിനെയും കോഹ്‌ലിയെയും പോലെ വിരമിക്കൂ'; ബാബറിനോടും റിസ്‌വാനോടും മുൻ പാക് താരം

മുതിർന്ന താരങ്ങളായ ബാബർ അസമിനെയും റിസ്‌വാനെയും ഏഷ്യ കപ്പിനുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല

ഏഷ്യാകപ്പ് ടൂര്‍ണമെന്റിനുള്ള പാകിസ്താൻ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. സൂപ്പര്‍താരങ്ങളായ ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവരെ ഒഴിവാക്കിയാണ് ടീം പ്രഖ്യാപിച്ചത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് മുൻ പാക് താരം തൻവീർ അഹമ്മദ്.

ക്രിക്കറ്റ് ബോർഡിൽ നിന്ന് ബഹുമാനം ലഭിക്കുന്നില്ലെന്ന് തോന്നുന്നുണ്ടെങ്കിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കണമെന്ന് അദ്ദേഹം പ്രതികരിച്ചു. 'ബാബറിനോടും റിസ്വാനോടും എനിക്കുള്ള അഭ്യർത്ഥന, നിങ്ങൾക്ക് ബഹുമാനം ലഭിക്കുന്നില്ലെന്ന് തോന്നുന്നുവെങ്കിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുക. നമ്മുടെ മുന്നിൽ വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമയുടെയും ഉദാഹരണമുണ്ട്. നിങ്ങളുടെ ബഹുമാനം നിങ്ങളുടെ കൈകളിലാണ്', തൻവീർ കൂട്ടിച്ചേർത്തു.

അതേസമയം ബാബർ അസം ടി20യിൽ മെച്ചപ്പെടാനുണ്ടെന്നും അതിന് അദ്ദേഹത്തിന് അവസരങ്ങളുണ്ടെന്നുമാണ് ടീം പ്രഖ്യാപിച്ചുകൊണ്ട് പിസിബി ഡയറക്ടർ ജാവേദ് വ്യക്തമാക്കിയത്. കഴിഞ്ഞ കുറച്ച് പരമ്പരകളിലായി മോശം ഫോമിലാണ് ഇരുവരും കളിക്കുന്നത്.

അഫ്ഗാനിസ്താന്‍, യുഎഇ ടീമുകളുള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കും ഏഷ്യാകപ്പിനുമുള്ള ടീമിനെയാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചത്. സല്‍മാന്‍ അഗയാണ് നായകന്‍. നേടിയിട്ടുണ്ട്. ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 7 വരെയാണ് ത്രിരാഷ്ട്ര പരമ്പര നടക്കുന്നത്. അതിന് ശേഷമാണ് പാകിസ്താന്‍ ഏഷ്യാകപ്പില്‍ കളിക്കുക.

Content Highlights: Babar Azam, Mohammad Rizwan told they must quit if respect is lost after Asia Cup snub

To advertise here,contact us