കരുത്തിൻ്റെയും ഐക്യത്തിൻ്റെയും പ്രതീകമായി നീല; കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ജേഴ്സിയും വെബ്സൈറ്റും പ്രകാശനം ചെയ്തു

കേരള ക്രിക്കറ്റ് ലീഗിന് (KCL) ആവേശം പകർന്ന് കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീം ഔദ്യോഗിക ജേഴ്സിയും വെബ്സൈറ്റും പ്രകാശനം ചെയ്തു.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന് (KCL) ആവേശം പകർന്ന് കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീം ഔദ്യോഗിക ജേഴ്സിയും വെബ്സൈറ്റും പ്രകാശനം ചെയ്തു. കരുത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി നീല നിറത്തിലുള്ള ജേഴ്സി തലസ്ഥാനത്ത് നടന്ന ചടങ്ങിൽ ടീം ഉടമ സുഭാഷ് മാനുവൽ, ക്യാപ്റ്റൻ സാലി സാംസൺ, വൈസ് ക്യാപ്റ്റൻ സഞ്ജു സാംസൺ, ഹെഡ് കോച്ച് റൈഫി വിൻസന്റ് ഗോമസ്, കോച്ചിങ് ഡയറക്ടർ സി.എം ദീപക് എന്നിവർ ചേർന്ന് പുറത്തിറക്കി. ടീമിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനം ഇന്ത്യൻ ക്രിക്കറ്റ് താരം കൂടിയായ സഞ്ജു സാംസൺ നിർവഹിച്ചു.

​കെ.സി.എൽ വലിയൊരു കായിക മാമാങ്കമായി മാറിയെന്നും തിരക്കുകൾ ഒഴിഞ്ഞാൽ കേരള ക്രിക്കറ്റിൽ കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും അതൊരു ഉത്തരവാദിത്തമായി കാണുന്നുവെന്നും സഞ്ജു സാംസൺ പറഞ്ഞു.

​ഒരു മുതിർന്ന താരമായി ചേട്ടനെ ടീമിൽ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ചേട്ടൻ്റെ ക്യാപ്റ്റൻസിക്ക് കീഴിൽ കളിക്കുന്നത്. അതിൻ്റെ ആവേശത്തിലാണ് താനെന്ന് സഞ്ജു പറഞ്ഞു.

അഞ്ചാം വയസ്സു മുതൽ ഒരുമിച്ച് ക്രിക്കറ്റ് കളിച്ചു വളർന്നവരാണ് ഞങ്ങൾ. എൻ്റെ ബാറ്റിംഗ് മെച്ചപ്പെടുത്തുന്നതിൽ ചേട്ടൻ്റെ ബോളിങ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഓരോ കളിക്കാരനും അർഹിക്കുന്ന അവസരങ്ങൾ ലഭിക്കുന്നത് പല സമയങ്ങളിലായിരിക്കും. തന്നേക്കാൾ കഠിനാധ്വാനം ചെയ്യുന്ന ക്രിക്കറ്ററാണ് ചേട്ടൻ , ഈ അവസരം അദ്ദേഹത്തിന് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും സഞ്ജു പറഞ്ഞു.

​മോഹൻലാലിന്റെ സാന്നിധ്യവും പ്രിയദർശൻ ഫ്രാഞ്ചൈസി ഏറ്റെടുത്തതും കെ.സി.എല്ലിന് വലിയ പ്രചോദനമായെന്ന് ടീം ഉടമ സുഭാഷ് മാനുവൽ അഭിപ്രായപ്പെട്ടു. കൂടുതൽ യുവതാരങ്ങളെ കണ്ടെത്താനും വളർത്താനും ലീഗിലൂടെ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

"കേരള ക്രിക്കറ്റ് ലീഗ് (KCL) കേരളത്തിലെ ആറു ഫ്രാഞ്ചൈസികളുമായി മുന്നേറുകയാണ്. ഓരോ ഫ്രാഞ്ചൈസിക്കും അവരുടെ ജേഴ്സികളിൽ നാലു മുതൽ അഞ്ചു വരെ മെയിൻ ബ്രാൻഡുകൾക്കു മാത്രമാണ് പ്രധാന സ്ഥാനം അനുവദിക്കുന്നത്.

ബ്രാൻഡുകൾ ലീഗിനെയും ടീമുകളെയും പിന്തുണയ്ക്കുമ്പോൾ, അവർ സമൂഹത്തിനോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുന്ന സാമൂഹിക ബ്രാൻഡുകളായി ജനങ്ങൾ കാണും. ഇതോടെ, അവരുടെ വിശ്വാസ്യതയും മൂല്യവും ഉയരും.

ഇങ്ങനെ, യുവ പ്രതിഭകളെ ദേശീയവും അന്താരാഷ്ട്രവും തലങ്ങളിലേക്ക് വളർത്തുന്ന ഒരു വേദിയായി മാറുന്നതോടൊപ്പം, ബ്രാൻഡുകൾക്കും ദീർഘകാല മൂല്യം സൃഷ്ടിക്കുന്ന സമഗ്രമായൊരു “കമ്പ്ലീറ്റ് പാക്കേജ്” ആയി കെ.സി എൽ മാറും' ' - സുഭാഷ് മാനുവൽ പറഞ്ഞു.

സഞ്ജുവിന്റെ സാന്നിധ്യം കെ.സി.എല്ലിന്റെ പ്രചാരം വർധിപ്പിക്കുമെന്നും സാംസൺ സഹോദരങ്ങളുടെ കൂട്ടുകെട്ട് ടീമിന് വലിയ മുതൽക്കൂട്ടാകുമെന്നും പരിശീലകൻ റൈഫി വിൻസന്റ് ഗോമസ് കൂട്ടിച്ചേർത്തു. കേരളത്തിൻ്റെ ക്രിക്കറ്റ് രംഗം ഇപ്പോൾ മാറ്റത്തിൻ്റെ പാതയിലാണെന്ന് കോച്ചിങ് ഡയറക്ടർ സി.എം ദീപക് പറഞ്ഞു.

​ചടങ്ങിൽ ടീമിന്റെ മുഖ്യ സ്പോൺസർമാരായ റോയൽ എൻഫീൽഡ്, ഷെഫ് പിള്ള ആർസിപി ഗ്രൂപ്പ്, റെഡ്പോർച്ച് നെസ്റ്റ് ബിൽഡേഴ്സ്, സിംഗിൾ ഐഡി, ധോനി ആപ്പ്, ബീ ഇൻ്റർനാഷണൽ എന്നിവരെ ടീം ഉടമ സുഭാഷ് മാനുവൽ സദസ്സിന് പരിചയപ്പെടുത്തി.

"റോയൽ എൻഫീൽഡ് കൊച്ചി ബ്ലൂ ടൈഗേഴ്സിനൊപ്പം പങ്കാളികളാകുന്നതിൽ അതിയായ ആവേശത്തിലാണ്. സാഹസികതയും കരുത്തും നിറഞ്ഞ ജീവിതശൈലിയാണ് റോയൽ എൻഫീൽഡ് പ്രതിനിധീകരിക്കുന്നത്. അതുപോലെ തന്നെ ബ്ലൂ ടൈഗേഴ്സ് കളിമൈതാനത്ത് ആവേശവും കരുത്തും പ്രകടിപ്പിക്കുന്നു. കേരളത്തിലെ യുവതലമുറയിലെ സ്പോർട്സ് സ്‌പിരിറ്റിനെയും മോട്ടോർസൈക്കിൾ സംസ്കാരത്തെയും ഒരുമിച്ച് ആഘോഷിക്കുന്ന കൂട്ടുകെട്ടാണ് ഇത്. ഈ പങ്കാളിത്തം കേരളത്തിലെ അടിസ്ഥാന തലത്തിലുള്ള ക്രിക്കറ്റിന്റെ വളർച്ചക്കും പുതിയ തലമുറ പ്രതിഭകൾ ഉയർന്ന് വരുന്നതിനും വഴിതെളിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു"- റോയൽ എൻഫീൽഡ് റീജിയണൽ ബിസിനസ്സ് ഹെഡ് സഞ്ജീവ് വക്കയിൽ പറഞ്ഞു.

​"കൊച്ചി ബ്ലൂ ടൈഗേഴ്സുമായുള്ള സഹകരണത്തിൽ ഞങ്ങൾ വളരെയധികം അഭിമാനിക്കുന്നു. റെഡ്‌പോർച്ച് നെസ്റ്റിൻ്റെ അഭിനിവേശം, കൂട്ടായ പ്രവർത്തനം, സാമൂഹിക പ്രതിബദ്ധത എന്നീ മൂല്യങ്ങൾ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ലക്ഷ്യങ്ങളുമായി ചേർന്നുപോകുന്നു. ഈ പങ്കാളിത്തത്തിലൂടെ പ്രാദേശിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനും കളിക്കളത്തിന് പുറത്ത് പുതിയ നേട്ടങ്ങൾ കൈവരിക്കാനുമാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്."_ റെഡ്‌പോർച്ച് നെസ്റ്റ് മാനേജിംഗ് ഡയറക്ടർ ജോൺ ജെഫി ഡി'കോത്ത് പറഞ്ഞു.

​ഭക്ഷണം ആളുകളെ ഒരുമിപ്പിക്കുന്നതുപോലെയാണ് ക്രിക്കറ്റുമെന്ന് ആർസിപി ഗ്രൂപ്പ് സാരഥി ഷെഫ് പിള്ള പറഞ്ഞു. ഇരു മേഖലകളിലും കൂട്ടായ്മയും സന്തോഷവും കായികവീര്യവും ഒരുപോലെ നിറഞ്ഞുനിൽക്കുന്നതാണെന്നും അദേഹം അഭിപ്രായപ്പെട്ടു.

Content Highlights:Kochi Blue Tigers jersey and website launched;

To advertise here,contact us