ഏഷ്യ കപ്പിലെ ഇന്ത്യ-പാകിസ്താൻ മത്സരത്തിനിടെ സംപ്രേഷണം ചെയ്യുന്ന പരസ്യങ്ങൾക്ക് ലഭിക്കുക കൂറ്റൻ വരുമാനമെന്ന് റിപ്പോർട്ട്. 10 സെക്കന്ഡ് ടെലിവിഷൻ പരസ്യങ്ങളുടെ നിരക്ക് 14-16 ലക്ഷം രൂപവരെയാണെന്ന് ഇക്കോണമിക് ടൈംസ് റിപ്പോര്ട്ട് ചെയ്തു. ഇതുകൂടാതെ മത്സരത്തിന്റെ മറ്റ് ഡിജിറ്റൽ സ്പോൺസർഷിപ്പിനും വൻ തുക ലഭിക്കുമെന്നും റിപ്പോർട്ടിലുണ്ട്.
സെപ്റ്റംബര് ഒമ്പതിന് തുടങ്ങുന്ന ഏഷ്യാ കപ്പില് 10ന് യുഎഇക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. 14നാണ് ആരാധകര് കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന് പോരാട്ടം. യുഎഇക്കും പാകിസ്ഥാനും പുറമെ ഒമാന് കൂടിയടങ്ങുന്നതാണ് ഇന്ത്യയുൾപ്പെടുന്ന എ ഗ്രൂപ്പ്.
പഹല്ഗാം ഭീകരാക്രമണത്തിന്റെയും ഇരു രാജ്യങ്ങളും തമ്മിലുണ്ടായ സംഘര്ഷത്തിന്റെയും പശ്ചാത്തലത്തില് ഇന്ത്യ ഏഷ്യാ കപ്പില് നിന്ന് പിന്മാറണമെന്ന് ആവശ്യമുയര്ന്നെങ്കിലും അതിഥേയരാണെന്നതിനാല് കളിക്കാതിരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ബിസിസിഐ ടൂര്ണമെന്റുമായി മുന്നോട്ട് പോകുകായിരുന്നു. നേരത്തെ ലെജന്റ്സ് ചാമ്പ്യൻഷിപ്പ് ടൂർണമെന്റിൽ പാകിസ്താനുമായി കളിക്കുന്നതിൽ നിന്ന് ഇന്ത്യ പിന്മാറിയിരുന്നു.
ഇന്ത്യയായിരുന്നു ഏഷ്യാ കപ്പിന് വേദായാവേണ്ടിയിരുന്നത്. ഇന്ത്യയില് കളിക്കില്ലെന്ന പാക് നിലപാടിനെത്തുടര്ന്ന് ടൂര്ണമെന്റ് യുഎഇയിലേക്ക് മാറ്റുകയായിരുന്നു. അതേ സമയം വൻ പരസ്യ വരുമാനം മുന്നിൽ കണ്ടാണ് ബിസിസിഐ പാകിസ്തനുമായുള്ള ഏഷ്യ കപ്പ് മത്സരത്തിൽ നിന്ന് പിന്മാറാത്തതെന്ന് ആക്ഷേപമുണ്ട്.
Content Highlights: Rs 16 Lakh for 10 Seconds! India Vs Pakistan Asia Cup 2025 Ad Rates Break