ലൈംഗികാതിക്രമ ആരോപണങ്ങള്‍; യാഷ് ദയാലിനെ വിലക്കി ഉത്തര്‍പ്രദേശ് T20 ലീഗ്‌

പോക്സോ അടക്കം മൂന്ന് കേസുകളാണ് യാഷ് ദയാലിനെതിരെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരം യാഷ് ദയാലിനെ വിലക്കി ഉത്തർപ്രദേശ് ടി20 ലീഗ്. ബലാത്സംഗ കുറ്റങ്ങൾ ചുമത്തിയതിനെ തുടർന്നാണ് യുപി ക്രിക്കറ്റ് അസോസിയേഷൻ (യുപിസിഎ) യുപി ടി20 ലീഗിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയത്. ഗാസിയാബാദിലും ജയ്പൂരിലുമായി താരത്തിനെതിരെ പോക്സോ അടക്കം മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്.

യുപി ടി20 ലീഗിൽ ഗോരഖ്പൂർ ലയൺസിൻ്റെ താരമായിരുന്നു ദയാൽ. താരലേലത്തിൽ ഏഴ് ലക്ഷം രൂപയ്ക്കാണ് യഷ് ദയാലിനെ ഗോരഖ്പൂർ ലയൺസ് ടീമിലെത്തിച്ചത്.

ജൂലായ് ആറിനാണ് താരത്തിനെതിരായ ആദ്യ എഫ്ഐആർ ഫയൽ ചെയ്തത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ഗാസിയാബാദ് സ്വദേശിനിയുടെ പരാതിയിലാണ് താരത്തിനെതിരെ ആദ്യം എഫ്ഐആർ ഫയൽ ചെയ്തത്. പിന്നാലെ മറ്റൊരു യുവതിയും ദയാലിനെതിരെ രംഗത്തുവന്നു.

രണ്ട് കേസുകൾ രേഖപ്പെടുത്തിയതോടെ യഷ് ദയാൽ ആദ്യ യുവതിക്കെതിരെ മറുപരാതി നൽകി. തന്നിൽ നിന്ന് പണം തട്ടിയെടുത്തു എന്നായിരുന്നു പരാതി. പിന്നാലെ പ്രായപൂർത്തിയാവാത്ത സമയത്ത് തന്നെ ദയാൽ പീഡിപ്പിച്ചെന്ന് കാട്ടി മറ്റൊരു യുവതിയും പരാതിപ്പെട്ടു. താരത്തിനെതിരെ പോക്സോ കേസും ചുമത്തി.

Content Highlights: Yash Dayal banned from UP T20 League after allegations of sexual harassment

To advertise here,contact us