'ഏഷ്യാ കപ്പ് ടീമില്‍ ഗില്‍ ഓപ്പണർ, സഞ്ജു അഞ്ചാം നമ്പറിലോ?'; ശരിയാകില്ലെന്ന് ആകാശ് ചോപ്ര

'ഗില്ലിനെ പോലെ ഒരാളെ ബെഞ്ചിലിരുത്താൻ മാനേജ്മെന്‍റ് തയ്യാറാകുമോ?'

ഏഷ്യാ കപ്പ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കേ മലയാളി താരം സഞ്ജു സാംസണും പ്രധാന ചര്‍ച്ചാവിഷയമായിരിക്കുകയാണ്‌. ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ താരം ഇടംപിടിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍. ചൊവ്വാഴ്ച ടീം പ്രഖ്യാപനം ഉണ്ടായേക്കും.

അതേസമയം ഏഷ്യൻ കപ്പിനുള്ള ഇന്ത്യൻ ടീമിൽ‌ സഞ്ജുവിന്റെ സ്ഥാനത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഇന്ത്യയുടെ ടെസ്റ്റ് നായകന്‍ ശുഭ്മന്‍ ഗിൽ‌ ടി20 ടീമിലേക്ക് തിരിച്ചെത്തിയാല്‍ സഞ്ജുവിന് സ്ഥാനം നഷ്ടപ്പെട്ടേക്കുമെന്നാണ് ആകാശ് ചോപ്ര ആശങ്ക പങ്കുവെക്കുന്നത്. തിലക് വർമ്മയും സൂര്യകുമാർ യാദവും മധ്യനിരയിൽ കളംനിറഞ്ഞിരിക്കുമ്പോൾ, സഞ്ജു ഓപ്പണറായി മാത്രമേ കളിക്കാൻ സാധ്യതയുള്ളൂ എന്നതിനാൽ ടീം ഘടന കാരണം സഞ്ജുവിനെയും ഗില്ലിനെയും ഇലവനിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു.

“ആരും പുറത്തുപോകേണ്ടതില്ലെന്ന് ഞാൻ കരുതുന്നു. എന്നാൽ‌ മറ്റൊരു ഓപ്പണറെ നിലനിർത്തേണ്ടത് പ്രധാനമാണ്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ ഇന്ത്യ മൂന്നാമത്തെ ഓപ്പണറെ തിരഞ്ഞെടുത്തില്ല. അഭിഷേക് ശർമ്മയോ സഞ്ജു സാംസണോ ഫോം നഷ്ടപ്പെട്ടാൽ ആര് ഓപ്പണർ ചെയ്യുമെന്ന് അവർ ചിന്തിച്ചിട്ടുപോലുമില്ല” ചോപ്ര തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയിൽ പറഞ്ഞു.

'ഗില്ലിനെ മൂന്നാം ഓപ്പണറായി ടീമിൽ ഉൾപ്പെടുത്തിയെന്ന് കരുതുക. ഗില്ലിനെ പോലെ ഒരാളെ ബെഞ്ചിലിരുത്താൻ മാനേജ്മെന്‍റ് തയ്യാറാകുമോ? നിങ്ങൾ അത് ചെയ്ത് അദ്ദേഹത്തെ ഇലവനിൽ കളിപ്പിച്ചില്ലെങ്കിൽ, ആരുടെ സ്ഥാനത്താണ് നിങ്ങൾ അദ്ദേഹത്തെ കളിക്കുക? ആ കളിക്കാരന്റെ പേര് സഞ്ജു സാംസൺ ആണെങ്കിൽ, ആരാണ് കീപ്പിംഗ് നടത്തുക? അതാണ് പ്രശ്നം. സഞ്ജു സാംസൺ മധ്യനിരയിൽ ബാറ്റ് ചെയ്യുന്നത് നിങ്ങൾ കാണുന്നില്ല. സൂര്യകുമാർ യാദവും തിലക് വർമ്മയും മൂന്നും നാലും നമ്പറിൽ കളിക്കും. അപ്പോൾ സഞ്ജു നമ്പർ. 5? അതൊരു നല്ല തീരുമാനമായിരിക്കില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Sanju Samson at number five would not be a good story: Aakash Chopra on Indias Asia Cup combination

To advertise here,contact us