സഞ്ജുവും സച്ചിനും നേര്‍ക്കുനേര്‍; കാര്യവട്ടത്ത് ഇന്ന് സൗഹൃദപോരാട്ടം, മത്സരം നേരിട്ട് കാണാം

ഐപിഎല്‍ ഫ്രാഞ്ചൈസി മാറ്റത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടയിലാണ് സഞ്ജു ഇന്ന് ക്രീസിലിറങ്ങുന്നത്

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ് മുന്നോടിയായുള്ള സൗഹൃദ മത്സരം ഇന്ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. കേരളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ സഞ്ജു സാംസൺ നയിക്കുന്ന കെസിഎ സെക്രട്ടറി ഇലവനും സച്ചിൻ ബേബി നയിക്കുന്ന കെസിഎ പ്രസിഡന്റ് ഇലവനും തമ്മിലാണ് മത്സരം.

ഐപിഎല്‍ ഫ്രാഞ്ചൈസി മാറ്റത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടയിലാണ് സഞ്ജു ഇന്ന് ക്രീസിലിറങ്ങുന്നത്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ നവീകരിച്ച ഫ്ലഡ് ലൈറ്റുകളുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് സൗഹൃദ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. രാത്രി 7.30ന് മത്സരം ആരംഭിക്കും.

ഇന്നത്തെ സൗഹൃദ മത്സരത്തിലേക്ക് കാണികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസിലെ ഇന്നര്‍ ഗേറ്റ് അഞ്ച്, 15 എന്നീ ഗേറ്റുകള്‍ വഴി സ്റ്റേഡിയത്തില്‍ പ്രവേശിക്കാനാകുമെന്ന് കെസിഎ അറിയിച്ചു.

സഞ്ജു സാംസണ്‍ നയിക്കുന്ന ടീം: വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, കൃഷ്ണ പ്രസാദ്, ഷോണ്‍ റോജര്‍, അജ്‌നാസ് എം, സിജോമോന്‍ ജോസഫ്, ബേസില്‍ തമ്പി, ബേസില്‍ എന്‍പി, അഖില്‍ സ്‌കറിയ, ഫാനൂസ് എഫ്, മുഹമ്മദ് ഇനാന്‍, ഷറഫുദീന്‍ എന്‍ എം, അഖിന്‍ സത്താര്‍.

സച്ചിന്‍ ബേബി ക്യാപ്റ്റനായ ടീം: മുഹമ്മദ് അസ്ഹറുദ്ദീന്‍, രോഹന്‍ കുന്നുമ്മല്‍, അഹമ്മദ് ഇമ്രാന്‍, അഭിഷേക് ജെ നായര്‍, അബ്ദുള്‍ ബാസിത്, ബിജു നാരായണന്‍, ഏഥന്‍ ആപ്പിള്‍ ടോം, നിധീഷ് എം ഡി, അഭിജിത്ത് പ്രവീണ്‍, ആസിഫ് കെഎം, എസ് മിഥുന്‍, വിനോദ് കുമാര്‍ സി വി, സച്ചിന്‍ സുരേഷ്.

Content Highlights: KCL friendly match in Thiruvananthapuram, Sanju Samson against Sachin Baby team

To advertise here,contact us