'എത്രത്തോളം ബുദ്ധിമുട്ടാണെന്ന് ആളുകള്‍ക്ക് മനസ്സിലാവുന്നില്ല'; ബുംറയെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ഭുവി

അദ്ദേഹത്തിന്റെ ആക്ഷൻ കണക്കിലെടുക്കുമ്പോൾ പരിക്കേൽക്കാൻ സാധ്യതയുണ്ടെന്നും ഭുവനേശ്വർ കുമാർ പറഞ്ഞു

ജോലിഭാരത്തെ കണക്കിലെടുത്ത് ഇന്ത്യ - ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിൽ മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ മാത്രമാണ് പേസർ ജസ്പ്രീത് ബുംറ കളിച്ചത്. എന്നാൽ ഈ തീരുമാനത്തിൽ വിമർശനം ഉയർന്നിരുന്നു. ഇപ്പോഴിതാ വിമർശകർക്ക് മറുപടി നൽകി രംഗത്തെത്തിയിരിക്കുകയാണ് ഭുവനേശ്വർ കുമാർ.

ജസ്പ്രീത് ബുംറയുടെ വർക്ക്ലോഡ് തന്ത്രത്തിൽ ടീം മാനേജ്മെന്റിനെ ന്യായീകരിച്ച ഭുവനേശ്വർ കുമാർ എല്ലാ ഫോർമാറ്റുകളിലും മത്സരിക്കുന്നുണ്ടെന്നും ഫിറ്റ്നസ് നിലനിർത്താൻ ബുദ്ധിമുട്ടാണെന്നും അദ്ദേഹത്തിന്റെ ആക്ഷൻ കണക്കിലെടുക്കുമ്പോൾ പരിക്കേൽക്കാൻ സാധ്യതയുണ്ടെന്നും പറഞ്ഞു. അഞ്ച് ടെസ്റ്റുകളിൽ മൂന്നെണ്ണം ബുംറ കളിക്കുന്നതിൽ ഒരു പ്രശ്‌നവുമില്ലെന്ന് ഭുവനേശ്വർ കുമാർ പറഞ്ഞു.

“വർഷങ്ങളായി അദ്ദേഹം കളിക്കുന്നുണ്ട്. അത് നിലനിർത്തുന്നത് ആർക്കും ബുദ്ധിമുട്ടാണ്. അദ്ദേഹത്തിന്റെ ബോളിംഗ് ആക്ഷൻ കണക്കിലെടുക്കുമ്പോൾ, അദ്ദേഹത്തിന് പരിക്കുകൾ സംഭവിക്കാം. മൂന്ന് ടെസ്റ്റുകളിൽ അദ്ദേഹം മത്സരിക്കുന്നതിൽ എനിക്ക് ഒരു പ്രശ്‌നവുമില്ല,” ഭുവനേശ്വർ പറഞ്ഞു.

“മൂന്ന് മത്സരങ്ങളിൽ അദ്ദേഹത്തിന് എത്രത്തോളം സ്വാധീനം ചെലുത്താൻ കഴിയുമെന്ന് സെലക്ടർമാർക്ക് അറിയാം. എല്ലാ ഫോർമാറ്റുകളിലും ഇത്രയും വർഷങ്ങൾ കളിക്കുന്നത് എത്രത്തോളം ബുദ്ധിമുട്ടാണെന്ന് ആളുകൾക്ക് മനസ്സിലാകുന്നില്ല. സമ്മർദ്ദത്തെ നേരിടേണ്ടത് അത്യാവശ്യമാണ്. ആരെങ്കിലും ദീർഘകാലം കളിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ അദ്ദേഹത്തെ അതുപോലെ തന്നെ കൈകാര്യം ചെയ്യണം,” അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Bhuvneshwar Kumar Hits Back At Jasprit Bumrah Critics Over Workload Management Issue

To advertise here,contact us