ഓസീസിനെതിരായ തകർപ്പൻ സെഞ്ച്വറിയ്ക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയുടെ യുവ താരം ഡിവാള്ഡ് ബ്രേവിസിനെ പുകഴ്ത്തി മുന് താരം എബി ഡിവില്ലിയേഴ്സ്. ഓസ്ട്രേലിയക്കെതിരെ രണ്ടാം ടി20യില് 41 പന്തിലാണ് 22കാരന് സെഞ്ച്വറി പൂര്ത്തിയാക്കിയത്. ആകെ മൊത്തം 56 പന്തില് പുറത്താവാതെ 125 റണ്സ് അടിച്ചെടുത്തത്. എട്ട് സിക്സും 12 ഫോറുകളും ഉള്പ്പെടും.
ഇന്നിംഗ്സിന് പിന്നാലെ ഡിവില്ലിയേഴ്സ് കുറിപ്പുമായെത്തി. 'ഐപിഎല് താരലേലത്തില് ഡിവാള്ഡ് ബ്രേവിസിനെ സ്വന്തമാക്കാന് ടീമുകള്ക്ക് സുവര്ണാവസരമുണ്ടായിരുന്നു. എന്നാല് എല്ലാവരും ആ അവസരം നഷ്ടമാക്കി. ഇക്കാര്യത്തില് ചെന്നൈ സൂപ്പര് കിംഗ്സ് ഭാഗ്യവന്മാരാണ്. അതുമല്ലെങ്കില്, അവരുടെ ഏറ്റവും വലിയ മാസ്റ്റര് സ്ട്രോക്കാണിത്. ഡിവില്ലിയേഴ്സ് പറഞ്ഞു.
ഐപിഎൽ 2025 സീസണിൽ ലേലത്തിൽ ആരും വിളിക്കാത്ത ബ്രേവിസിനെ പരിക്കേറ്റ ഗുർജൻപീത് സിംഗിന് പകരക്കാരനായാണ് ചെന്നൈ ടീമിലെടുത്തത്. വെറും ആറ് മത്സരങ്ങൾ കളിച്ച താരം 180 സ്ട്രൈക്ക് റേറ്റിൽ 225 റൺസ് നേടി.
അതേ സമയം ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക ബ്രേവിസിന്റെ പ്രകടനത്തിന്റെ കരുത്തില് അടിച്ചെടുത്തത് ഏഴ് വിക്കറ്റ് നഷ്ടത്തില് 218 റണ്സ്. മൂന്നിന് 57 എന്ന നിലയില് ദക്ഷിണാഫ്രിക്ക പതറുമ്പോഴാണ് ബ്രേവിസ് വെടിക്കെട്ടിന് തിരികൊളുത്തിയത്. ഒരു ദക്ഷിണാഫ്രിക്കന് താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയാണിത്. മത്സരത്തിൽ 53 റൺസിന്റെ കൂറ്റൻ ജയമാണ് ഓസീസ് നേടിയത്.
Content Highlights- ab de villiers on dewald brevis after his century for southafrica vs australia