ഐസിസി Player Of The Month ആയി ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ ശുഭ്മാൻ ഗിൽ. ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടിൽ വെച്ച് നടന്ന പരമ്പരയിലെ മികച്ച പ്രകടനമാണ് ഗില്ലിന് അവാർഡ് നേടികൊടുത്തത്. ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സിനെ മറികടന്നാണ് ഗിൽ ഈ നേട്ടം കൈവരിച്ചത്. ദക്ഷിണാഫ്രിക്കയുടെ വിയാൻ മുൾഡറും ഇരുവർക്കുമൊപ്പം മത്സരിച്ചു.
നാലാം തവണയാണ് ഗിൽ ഈ പ്ലെയർ ഓഫ് ദി മൺത്ത് അവാർഡ് സ്വന്തമാക്കുന്നത്. ഈ അവാർഡ് നിലവിൽ വന്നതുമുതൽ ഈ നേട്ടം ഏറ്റവും കൂടുതൽ നേടിയിട്ടുള്ളത് ഗില്ലാണ്. രോഹിത് ശർമ വിരാട് കോഹ്ലി എന്നീ സൂപ്പർതാരങ്ങളുടെ വിരമിക്കലിന് ശേഷം ഇന്ത്യൻ യുവനിരയുമായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ ടീമിന്റെ നായകനായിരുന്നു ഗിൽ. പരമ്പര ഇന്ത്യ സമനിലയാക്കിയപ്പോൾ ബാറ്റ് കൊണ്ട് മുന്നിൽ നിന്നും നയിച്ചത് ഗിൽ തന്നെയാണ്.
അഞ്ച് മത്സരത്തിൽ നിന്നും 10 ഇന്നിങ്സിൽ നിന്നുമായി 754 റൺസാണ് ഗിൽ നേടിയത്. ഒരു ഇന്ത്യൻ നായകന്റെ ഇംഗ്ലണ്ടിലെ ഏറ്റവും ഉയർന്ന സ്കോറാണ് ഇത്. ലോകത്തിലെ രണ്ടാമത്തെയും. 810 റൺസുമായി സാക്ഷാൽ ഡോൺ ബ്രാഡ്മാനാണ് ഗില്ലിന് മുമ്പിൽ.
ഈ പരമ്പരയിൽ നാല് സെഞ്ച്വറികളാണ് ഗിൽ സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ ഒരു സെഞ്ച്വറിയടിച്ച ഗിൽ രണ്ടാം മത്സരത്തിൽ രണ്ട് സെഞ്ച്വറിയാണ് അടിച്ചുക്കൂട്ടിയത്. ഇതിൽ ഒരെണ്ണം ഡബിൾ സെഞ്ച്വറിയാണ്. ഓൾഡ് ട്രാഫോർഡിൽ നടന്ന നാലാം മത്സരത്തിലും ഗിൽ ഒരു മികച്ച സെഞ്ച്വറി സ്വന്തമാക്കി. മത്സരം സമനില പിടിക്കാൻ നിർണായകമായത് ഗില്ലിൻ സെഞ്ച്വറിയായിരുന്നു.
Content Highlights- Shubman Gill Becomes ICC player of the Month for July