
മലയാളത്തിന്റെ സ്വന്തം മോഹൻലാൽ മുഖ്യവേഷത്തിലെത്തിയ കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) രണ്ടാം സീസണിന്റെ ഔദ്യോഗിക പരസ്യചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. പുറത്തിറങ്ങി 24 മണിക്കൂറിനുള്ളിൽ 10 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടി ഇൻസ്റ്റഗ്രാമിൽ ചരിത്രനേട്ടം കുറിച്ചിരിക്കുകയാണ് ഈ പരസ്യം.
ഒരു സാധാരണ പരസ്യം എന്നതിലുപരി ഒരു കൊച്ചു സിനിമയുടെ ആവേശവും ആകാംഷയും പകരുന്ന ചിത്രം ക്രിക്കറ്റ് പ്രേമികളും സിനിമാ ആരാധകരും ഒരുപോലെയാണ് ആഘോഷിക്കുന്നത്. മോഹൻലാലിന്റെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ ‘ആറാം തമ്പുരാന്റെ’ ശിൽപികളായ സംവിധായകൻ ഷാജി കൈലാസും നിർമ്മാതാവ് സുരേഷ് കുമാറും ഇതിൽ അഭിനയിക്കുന്നു. ഗോപ്സ് ബെഞ്ച്മാർക്കാണ് ഈ പരസ്യചിത്രത്തിന്റെ സംവിധായകൻ.
സിനിമാ ലൊക്കേഷന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ പരസ്യചിത്രം മോഹൻലാൽ എന്ന താരത്തിന്റെ സ്ക്രീൻ പ്രസൻസും ക്രിക്കറ്റിന്റെ ആവേശവും ഒരുമിപ്പിക്കുന്നതാണ്. സമൂഹ മാധ്യമങ്ങളിലെല്ലാം ഇതിനകം കെസിഎൽ പരസ്യം ചർച്ചയായിക്കഴിഞ്ഞു.
Content Highlights-kCL advertisement goes viral on social media