മാഞ്ചസ്റ്റർ ടെസ്റ്റിൽ മോശം പ്രകടനം കാഴ്ചവെച്ച പേസർ അൻഷുൽ കാംബോജിനെ പിന്തുണച്ച് ഇതിഹാസതാരം കപിൽ ദേവ്. പരിക്കേറ്റ അർഷ്ദീപ് സിങ്ങിനും ആകാശ് ദീപിനും പകരക്കാരനായി നാലാം ടെസ്റ്റിൽ യുവ പേസർ കംബോജിനെയാണ് ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയത്. ഇന്ത്യ എയുടെ ഇംഗ്ലണ്ട് പര്യടനത്തിൽ കംബോജ് നടത്തിയ മികച്ച പ്രകടനങ്ങൾക്ക് ശേഷം കംബോജ് വലിയ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ പേസർക്ക് അരങ്ങേറ്റത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല. 18 ഓവറിൽ 89 റൺസ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് താരത്തിന് വീഴ്ത്താൻ സാധിച്ചത്.
ഇതിന് പിന്നാലെ കാംബോജിനെ വിമർശിച്ച് നിരവധിയാളുകൾ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കാംബോജിനെ പിന്തുണച്ച് കപിൽ ദേവ് രംഗത്തെത്തിയത്.
“ഒരു അരങ്ങേറ്റക്കാരനിൽ നിന്ന് നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത്, അയാൾ പത്ത് വിക്കറ്റുകൾ നേടണമെന്നാണോ? നിങ്ങൾ അദ്ദേഹത്തിന്റെ കഴിവ് വിലയിരുത്തണം. അയാൾക്ക് കഴിവുണ്ടെങ്കിൽ അയാൾ തിരിച്ചുവരും. ആദ്യ മത്സരം കളിക്കുമ്പോൾ എല്ലാവരും പരിഭ്രാന്തരാകുന്നത് സ്വാഭാവികമാണ്. കാംബോജിന് പക്ഷേ കഴിവ് ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, അതാണ് കൂടുതൽ പ്രധാനം,” കപിൽ ദേവ് പറഞ്ഞു.
Content Highlights: Kapil Dev defends Anshul Kamboj after unimpressive debut in Manchester