മാഞ്ചസ്റ്റർ ടെസ്റ്റ് വേഗത്തിൽ സമനിലയാക്കാനുള്ള ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ ഓഫറിനെ നിരസിച്ച രവീന്ദ്ര ജഡേജയുടെയും വാഷിങ്ടൺ സുന്ദറിന്റെയും തീരുമാനത്തെ പിന്തുണച്ച് ശുഭ്മാൻ ഗിൽ. 'ബെൻ സ്റ്റോക്സ് ആ ഓഫർ മുന്നോട്ട് വെക്കുമ്പോൾ ഇരുവരുടെയും വ്യക്തിഗത സ്കോർ 90 കളിലായിരുന്നു. ഇരുവരും ഈ ദിവസം മുഴുവൻ പൊരുതിയവരാണ്. അവർ സെഞ്ച്വറി അർഹിച്ചിരുന്നു', ഗിൽ കൂട്ടിച്ചേർത്തു.
ഇന്നലെ രവീന്ദ്ര ജഡേജയും വാഷിങ്ടൺ സുന്ദറും സെഞ്ച്വറിക്കരികെ നിൽക്കെ കളി നിർത്താൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് സമനില ഓഫർ ചെയ്തിരുന്നു. എന്നാൽ ഇന്ത്യ സമനില ഓഫർ നിരസിച്ചു. തൊട്ടുപിന്നാലെ ജഡേജയും സുന്ദറും സെഞ്ച്വറി തികയ്ക്കുകയും ഒടുവിൽ ഇന്ത്യ സമനില നേടുകയും ചെയ്തു ചെയ്തു. 15 ഓവർ എറിയാൻ ശേഷിക്കുമ്പോഴാണ് സ്റ്റോക്സ് നേരത്തെ കളി നിർത്താൻ നിർദേശം മുന്നോട്ട് വെച്ചത്.
അതേ സമയം ഇന്നിങ്സ് ജയം പ്രതീക്ഷിച്ചിരുന്ന ഇംഗ്ലണ്ടിനെ ഞെട്ടിപ്പിക്കുന്നതായിരുന്നു രണ്ടാം ഇന്നിങ്സിലെ ഇന്ത്യയുടെ ബാറ്റിങ്ങ് പ്രകടനം. പൂജ്യത്തിന് രണ്ട് എന്ന നിലയിൽ നിന്നും കളി അവസാനിക്കുമ്പോൾ 425 റൺസിന് നാല് എന്ന നിലയിലെത്തി. ഇന്ത്യയ്ക്ക് വേണ്ടി ജഡേജയ്ക്കും സുന്ദറിനും കൂടാതെ ക്യാപ്റ്റൻ ഗില്ലും സെഞ്ച്വറി തികച്ചു.
Content Highlights: Jadeja and washington Sundar deserved centuries'; Gill reacts to delaying the tie