'സെഞ്ച്വറിക്കരികിലെത്തിയത് ഇംഗ്ലണ്ട് കളിക്കാരാണെങ്കിൽ അവർ ഗ്രൗണ്ട് വിടുമായിരുന്നോ?'; ചോദ്യമുന്നയിച്ച് ഗംഭീർ

ബെൻ സ്റ്റോക്സിന്റെ ഓഫറിനെ നിരസിച്ച രവീന്ദ്ര ജഡേജയുടെയും വാഷിങ്ടൺ സുന്ദറിന്റെയും തീരുമാനത്തെ പിന്തുണച്ച് പരിശീലകൻ ഗൗതം ഗംഭീർ.

മാഞ്ചസ്റ്റർ ടെസ്റ്റ് വേഗത്തിൽ സമനിലയാക്കാനുള്ള ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ ഓഫറിനെ നിരസിച്ച രവീന്ദ്ര ജഡേജയുടെയും വാഷിങ്ടൺ സുന്ദറിന്റെയും തീരുമാനത്തെ പിന്തുണച്ച് പരിശീലകൻ ഗൗതം ഗംഭീർ. ഇന്ത്യൻ താരങ്ങളുടെ സ്ഥാനത്ത് ഇംഗ്ലീഷ് താരങ്ങളാണെങ്കിൽ സെഞ്ച്വറി വേണ്ടെന്ന് വെച്ച് എളുപ്പത്തിൽ സമനില സ്വീകരിക്കുമായിരുന്നോ എന്ന് ഗംഭീർ ചോദിച്ചു.

ക്രിക്കറ്റിൽ നാഴിക കല്ലുകൾ പ്രധാനമാണ്. അതിലൊരാൾ എത്തിനിൽക്കുന്നത് കന്നി സെഞ്ച്വറിയുടെ വക്കിലുമായിരുന്നു. മത്സരഫലത്തെ മോശമായി സ്വാധീനിക്കാത്ത പക്ഷം വ്യക്തിഗത നേട്ടം കൂടി പരിഗണിക്കുന്നതിൽ തെറ്റില്ല, ഗംഭീർ കൂട്ടിച്ചേർത്തു.

ഇന്നലെ രവീന്ദ്ര ജഡേജയും വാഷിങ്ടൺ സുന്ദറും സെഞ്ച്വറിക്കരികെ നിൽക്കെ കളി നിർത്താൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് സമനില ഓഫർ ചെയ്തിരുന്നു. എന്നാൽ ഇന്ത്യ സമനില ഓഫർ നിരസിച്ചു. തൊട്ടുപിന്നാലെ ജഡേജയും സുന്ദറും സെഞ്ച്വറി തികയ്ക്കുകയും ഒടുവിൽ ഇന്ത്യ സമനില നേടുകയും ചെയ്തു . 15 ഓവർ എറിയാൻ ശേഷിക്കുമ്പോഴാണ് സ്റ്റോക്സ് നേരത്തെ കളി നിർത്താൻ നിർദേശം മുന്നോട്ട് വെച്ചത്.

അതേ സമയം ഇന്നിങ്‌സ് ജയം പ്രതീക്ഷിച്ചിരുന്ന ഇംഗ്ലണ്ടിനെ ഞെട്ടിപ്പിക്കുന്നതായിരുന്നു രണ്ടാം ഇന്നിങ്സിലെ ഇന്ത്യയുടെ ബാറ്റിങ്ങ് പ്രകടനം. പൂജ്യത്തിന് രണ്ട് എന്ന നിലയിൽ നിന്നും കളി അവസാനിക്കുമ്പോൾ 425 റൺസിന് നാല് എന്ന നിലയിലെത്തി. ഇന്ത്യയ്ക്ക് വേണ്ടി ജഡേജയ്ക്കും സുന്ദറിനും കൂടാതെ ക്യാപ്റ്റൻ ഗില്ലും സെഞ്ച്വറി തികച്ചു. ഇതിൽ സുന്ദറിന്റേത് കന്നി ടെസ്റ്റ് സെഞ്ച്വറി കൂടിയായിരുന്നു.

Content Highlights: Gautam Gambhir On Handshake Row of stokes

To advertise here,contact us